കണ്ണൂർ: (www.mediavisionnews.in) കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. തുടർച്ചയായി രണ്ടാം ദിവസമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടുന്നത്. ഞായറാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം ഒരു കോടി 20 ലക്ഷത്തിൻ്റെ സ്വർണം ഏഴ് പേരിൽ നിന്നായി പിടികൂടിയിരുന്നു, ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണം പിടികൂടിയത്.
ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വർണം പിടികൂടിയത്. വിപണിയിൽ ഇതിന് ഏതാണ്ട് 27 ലക്ഷം രൂപ വില വരും.
നാദാപുരം, കാസർകോട് സ്വദേശികളാണ് ഞായറാഴ്ച പിടിയിലായത്. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഇവരിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇതിൻറെ തുടർ പരിശോധനകളുടെ ഭാഗമായാണ് വീണ്ടും സ്വർണം പിടികൂടിയത്.
കോവിഡ് കാലമായതിനാൽ നിലവിൽ വിമാനത്താവളങ്ങളിലേക്ക് വന്ദേഭാരത് മിഷൻ, ചാർട്ടേഡ് വിമാനങ്ങൾ മാത്രമേ ഉള്ളൂ. എന്നിട്ടും സ്വർണക്കടത്ത് യഥേഷ്ടം തുടരുന്നുണ്ട്. ഈ മാസം ആദ്യവാരവും കഴിഞ്ഞ മാസവുമായി കേരളത്തിലെ വിമാനത്താവളങ്ങൾ വഴി കടത്താൻ ശ്രമിച്ചത് ആറ് കോടിയോളം രൂപയുടെ സ്വർണമാണ്.