തിരുവനന്തപുരം: അഞ്ചുവയസുകാരിയുടെ ജീവൻ രക്ഷിക്കാനായി അത്യപൂർവമായ രക്തഗ്രൂപ്പിനായി സോഷ്യൽ മീഡിയയിലൂടെ ലാേകം മുഴുവൻ അന്വേഷണം. പി നൾ എന്ന രക്തഗ്രൂപ്പിനായാണ് രക്തദാതാക്കളും ഡോക്ടർമാരും സാധ്യമായ എല്ലാ വഴികളുപയോഗിച്ച് അന്വേഷണം നടത്തുന്നത്.ലണ്ടനിലെ ഒരു ആശുപത്രിയിൽ രക്തം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധപ്പെടാൻ ആശുപത്രി അധികൃതർ ശ്രമിക്കുകയാണെന്നാണ് റിപ്പോർട്ട്.
എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനുഷ്കയെന്ന കുഞ്ഞിനാണ് രാജ്യത്തുതന്നെ രണ്ടുപേർക്ക് മാത്രമുളള അത്യപൂർവമായ ഇൗ രക്തഗ്രൂപ്പ് ആവശ്യമുളളത്. തലയ്ക്കുപരിക്കേറ്റതിനെ തുടർന്നാണ് കുഞ്ഞിന് ശസ്ത്രക്രിയ ആവശ്യമായി വന്നത്. ആദ്യ ഘട്ട ശസ്ത്രക്രിയ നടത്തി. ഏറ്റവും പ്രധാനപ്പെട്ട ശസ്ത്രക്രിയ നടത്തണമെങ്കിൽ പി നൾ എന്ന രക്ത ഗ്രൂപ്പ് കിട്ടണം. ഇൗ ഗ്രൂപ്പിലെ രക്തം ലഭിക്കാനുളള സാദ്ധ്യത വെറും ഒരു ശതമാനം മാത്രമാണെന്നാണ് വിലയിരുത്തുന്നത്. 2018 ൽ മണിപ്പാൽ കസ്തൂർബ ആശുപത്രിയിൽ ചികിത്സ തേടിയ ഇൗ രക്ത ഗ്രൂപ്പുളളയാളെ ആശുപത്രി അധികൃതർ ബന്ധപ്പെട്ടുവെങ്കിലും എ ബി ഒ ചേരാത്തത്തിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.
മംഗലാപുരം കസ്തൂർബ മെഡിക്കൽ കോളജിലെ ഡോ. ഷാമീ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് പുതിയ ഗ്രൂപ്പ് ആദ്യമായി കണ്ടെത്തിയത്. രോഗിക്ക് രക്തം മാറ്റിവയ്ക്കുന്നതിനായുളള ലാബ് പരിശോധനയാണ് പുതിയ രക്ത ഗ്രൂപ്പ് നിർണയിച്ചത്. രക്തത്തിലെ ആന്റിജനുകളിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അപൂർവരക്തഗ്രൂപ്പിന് കാരണമാകുന്നത്.