ആലുവ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്. കൂടുതല്‍ കൊവിഡ് ക്ലസ്റ്ററുകള്‍ ഉള്ള ആലുവയില്‍ ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഒരുക്കിയാണ് നിയമലംഘനം നടത്തുന്നവരെ പൊലീസ് പിടികൂടുന്നത്. ആലുവ കടുങ്ങല്ലൂര്‍ മേഖലകളിലാണ് പൊലീസ് ഡ്രോണ്‍ വഴി നിരീക്ഷണം കര്‍ശനമാക്കിയത്.
രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് നിയമലംഘകരെ കുടുക്കാന്‍ പലവിധ വഴികളായിരുന്നു പൊലീസ് സ്വീകരിച്ചത്. ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നുണ്ടോ എന്നറിയാന്‍ വലിയൊരളവു വരെ പൊലീസിനെ സഹായിച്ചത് ഡ്രോണുകളായിരുന്നു.
ലോക്ക് ഡൗണ്‍ ലംഘിച്ച് പറമ്പില്‍ പന്ത് കളിക്കുന്ന കുട്ടികളും പാടത്തിലൂടെ വെറുതേ നടക്കുന്നവരും കടപ്പുറത്ത് കാറ്റു കൊള്ളാന്‍ ഇരിക്കുന്നവരും പ്രഭാത സവാരിക്കിറങ്ങിയവരേയുമെല്ലാം കൃത്യമായി ഡ്രോണ്‍ പിടികൂടിയിരുന്നു.
ഡ്രോണ്‍ പറത്തിയപ്പോള്‍ ലഭിച്ച ചില രസകരമായ കാഴ്ചകളടങ്ങുന്ന വീഡിയോ അടക്കം കേരള പൊലീസ് അന്ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു.
രാജ്യം അണ്‍ലോക്ക് പ്രക്രിയയിലേക്ക് കടന്നപ്പോള്‍ ഇത്തരം നിരീക്ഷണങ്ങളെല്ലാം പൊലീസ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുകയും സംസ്ഥാനം വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് കടക്കാന്‍ ഒരുങ്ങുകയും ചെയ്ത ഘട്ടത്തിലാണ് നിയമലംഘകരെ പിടിക്കാന്‍ കര്‍ശന നടപടികളുമായി പൊലീസ് രംഗത്തെത്തിയത്.
കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച ആലുവയില്‍ പൊലീസ് ഇന്ന് രാവിലെ റൂട്ട് മാര്‍ച്ച് നടത്തിയിരുന്നു. ആലുവ റൂറല്‍ പൊലീസിന്റെ നേതൃത്വത്തിലാണ് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ റൂട്ട്മാര്‍ച്ച് നടത്തിയത്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്യുന്നുണ്ട്.
കൊവിഡ് തീവ്രവ്യാപന ആശങ്കയുടെ പശ്ചാത്തലത്തില്‍ എറണാകുളത്തെ ആലുവ നഗരസഭയിലും സമീപത്തെ ഏഴ് പഞ്ചായത്തുകളിലുമാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
മേഖലയില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമെന്നാണ് വിലയിരുത്തല്‍. കൊവിഡ് വ്യാപനമുള്ള ഈ പ്രദേശങ്ങള്‍ ഒന്നിച്ച് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്ററായി പരിഗണിക്കും.