ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകളിൽ പാർട്ടി പ്രതിനിധികൾ പങ്കെടുക്കില്ലെന്ന് സി.പി.എം

0
222

തിരുവനന്തപുരം (www.mediavisionnews.in) : ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സി.പി.ഐ.എം. ഏഷ്യാനെറ്റിന്റെ ചര്‍ച്ചയില്‍ സി.പി.ഐ.എം പ്രതിനിധികള്‍ക്ക് വസ്തുതകള്‍ വ്യക്തമാക്കാനും പാര്‍ട്ടി നിലപാടുകള്‍ അറിയിക്കാനും സമയം തരാത്ത തരത്തിലിലാണ് അവതാരകന്റെ സമീപനമെന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ സി.പി.ഐ.എം അറിയിച്ചിരിക്കുന്നത്.

അവതാരകന്‍ ഒരു സമാന്യ മര്യാദ പോലും കാണിക്കാതെ പ്രതിനിധികള്‍ സംസാരിക്കുമ്പോള്‍ ഇടയില്‍ കയറുന്നെന്ന് കുറിപ്പില്‍ ആരോപിക്കുന്നു.

സി.പി.ഐ.എം നേതാവ് പി.രാജീവ് പങ്കെടുത്ത ചര്‍ച്ച പതിമൂന്നു തവണയാണ് അവതാരകന്‍ തടസ്സപ്പെടുത്തിയത്. എം.ബി രാജേഷ് സംസാരിക്കുമ്പോള്‍ പതിനേഴ് തവണയും സ്വരാജ് സംസാരിക്കുമ്പോള്‍ പതിനെട്ടു തവണയുമാണ് അവതാരകന്‍ തടസ്സപ്പെടുതിതിയതെന്നും കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെ പല മാധ്യമങ്ങളും തുടര്‍ച്ചയായി വ്യാജവാര്‍ത്തകള്‍ നല്‍കി സി.പി.ഐ.എം വിരുദ്ധ മനോഭാവമാണ് സൃഷ്ടിക്കാന്‍ഡ ശ്രമിക്കുന്നതെന്നും സി.പി.ഐ.എം ആരോപിച്ചു.

സി.പി.എം ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്തുകൊണ്ട്‌ സിപിഐ എം പ്രതിനിധികൾ ഏഷ്യാനെറ്റ്‌ ചർച്ചയിൽ പങ്കെടുക്കുന്നില്ല

ചാനൽ ചർച്ചകൾ രാഷ്‌ട്രീയ പാർടി പ്രതിനിധികൾ തങ്ങളുടെ നിലപാട്‌ അവതിരിപ്പിക്കുന്ന വേദിയാണ്‌. എന്നാൽ ഏഷ്യാനെറ്റ്‌ ന്യൂസിന്റെ ന്യൂസ്‌ അവറിലെ കഴിഞ്ഞ ദിവസങ്ങളിലെ ചർച്ച സിപിഐ എം പ്രതിനിധികൾക്ക്‌ വസ്‌തുതകൾ അവതരിപ്പിക്കാനും പാർട്ടിയുടെ നിലപാടുകൾ വ്യക്തമാക്കാനും സമയം തരാത്ത രീതിയിയിലേക്ക്‌ മാറിയിരിക്കുന്നു. ഈ ജനാധിപത്യ വിരുദ്ധതയിൽ പ്രതിഷേധിച്ചാണ്‌ ഈ ചാനലിലെ ചർച്ചകളിൽ സി.പി.ഐ എം പങ്കെടുക്കേണ്ടെന്ന്‌ തീരുമാനിച്ചത്‌. സാധാരണനിലയിൽ സി.പി.ഐ എം വിരുദ്ധരായ മൂന്നു പ്രതിനിധികളുടെയും അവർക്കൊപ്പം നിൽക്കുന്ന അവതാകരുടെയും അഭിപ്രായങ്ങൾക്ക്‌ മറുപടി പറയേണ്ടത്‌ സി.പി.ഐ എം പ്രതിനിധികളുടെ ചുമതലയാണ്‌. എന്നാൽ സാമാന്യ മര്യാദ പോലും കാണിക്കാതെ ഓരോ മറുപടിയിലും അവതാരകൻ നിരന്തരം ഇടപെടുകയാണ്‌. കഴിഞ്ഞ ദിവസങ്ങളിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം പി രാജീവ് പങ്കെടുത്ത ചർച്ച പതിമൂന്നു തവണയാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌. ‌സംസ്ഥാന കമ്മിറ്റി അംഗം എം ബി രാജേഷ്‌ സംസാരിക്കുമ്പോൾ പതിനേഴു തവണയും സ്വരാജ്‌ സംസാരിക്കുമ്പോൾ പതിനെട്ടു തവണയുമാണ്‌ അവതാരകൻ തടസ്സപ്പെടുത്തിയത്‌. മൂന്ന്‌ രാഷ്‌ട്രീയ എതിരാളികളും അവതാരകനും അടക്കും നാലു പേർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക്‌ മുപ്പത്‌ സെക്കൻഡിൽ സിപിഐ എം പ്രതിനിധി മറുപടി പറയണമെന്ന നിലപാട്‌ അംഗീകരിക്കാനാവില്ല. ഈ സമയത്തിനുള്ളിൽ മറുപടി പറയുമ്പോഴും മൈക്ക്‌ ഓഫ്‌ ചെയ്യുന്ന അസഹിഷ്‌ണുതയുടെ പ്രകടനത്തിനും ഇത്തരം ചർച്ചകൾ സാക്ഷിയാകുന്നു. വസ്‌തുതകളെ ഭയക്കുന്ന ഈ മാധ്യമം സിപിഐ എം നിലപാടുകൾ ജനങ്ങൾ അറിയരുതെന്നാണ്‌ ആഗ്രഹിക്കുന്നത്. ജനാധിപത്യപരമായ സംവാദത്തിന്റെ എല്ലാ സാധ്യതകളെയും കൊട്ടിയടയ്‌ക്കുന്നു. സിപിഐ എമ്മിന്റെ അഭിപ്രായങ്ങൾ അവതരിപ്പിക്കാനും എതിരാളികളും അവതാരകരും ഉന്നയിക്കുന്ന നുണകൾ തുറന്നു കാണിക്കാനുമുള്ള അവകാശം ഇല്ലാത്ത ഒരു ചർച്ചാവേദിയിൽ പങ്കെടുക്കുന്നത്‌ തെറ്റാണെന്ന്‌ സിപിഐ എം കരുതുന്നു. അതുകൊണ്ടാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവർ ചർച്ചകളിൽ സിപിഐ എം പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം. ഏഷ്യാനെറ്റും മനോരമയും ഉൾപ്പെടെ പല മാധ്യമങ്ങളും തുടർച്ചയായി വ്യാജവാർത്തകൾ നൽകി സിപിഐ എം വിരുദ്ധ മനോഭാവം സൃഷ്‌ടിക്കാനാണ്‌ ശ്രമിക്കുന്നത്‌. എന്നാൽ ‌ അതെല്ലാം സമൂഹ മാധ്യമങ്ങളിൽ അപ്പപ്പോൾ തുറന്നു കാട്ടപ്പെടുന്നുണ്ട്‌. സിപിഐ എം വിരുദ്ധ വ്യാജവാർത്തകൾ പ്രവഹിക്കുമ്പോഴും ഒരു ചാനലും ബഹിഷ്‌കരിക്കാൻ സിപിഐ എം തീരുമാനിച്ചിരുന്നില്ല. എന്നാൽ സംവാദത്തിന്റെ ജനാധിപത്യ മര്യാദകൾ പൂർണമായും ലംഘിക്കപ്പെട്ട ഘട്ടത്തിലാണ്‌ ഈ തീരുമാനം. സംവാദത്തിന്റെ ലക്ഷ്യം വ്യത്യസ്‌തമായ നിലപാടുകൾ ജനങ്ങളെ അറിയിക്കുക എന്നതാണ്‌. ജനാധിപത്യ വിരുദ്ധസമീപനമില്ലാത്ത ഏതു ചാനലിലൂടെയും സിപിഐ എമ്മിന്റെ അഭിപ്രായവും നിലപാടുകളും ‌അറിയാവുന്നതാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here