ന്യൂദല്‍ഹി: രാമ ക്ഷേത്ര നിര്‍മാണം ആരംഭിക്കുന്ന അയോദ്ധ്യയിലെ ഭൂമി പൂജയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത് ഭരണഘടനാപരമായി എടുത്ത സത്യപ്രതിജ്ഞയുടെ ലംഘനമാവുമെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസി.
‘ഔദ്യോഗിക പദവിയില്‍ നിന്നുകൊണ്ട് ഭൂമി പൂജയ്ക്ക് പങ്കെടുക്കുന്നത് മോദിയുടെ ഭരണഘടനാപരമായി ചെയ്ത സത്യപ്രതിജ്ഞയുടെ ലംഘനമാണ്. മതേതരത്വം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ്. 400 വര്‍ഷത്തോളം ബാബറി മസ്ജിദ് അയോദ്ധ്യയിലുണ്ടായിരുന്നെന്ന കാര്യം മറക്കാന്‍ പാടില്ല. മാത്രവുമല്ല, ഒരു കൂട്ടം കുറ്റവാളികളാണ് 1992ല്‍ അത് പൊളിച്ച് കളഞ്ഞത്,’ ഉവൈസി ട്വീറ്റ് ചെയ്തു.
1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുന്നത്. പുരാതന രാമ ക്ഷേത്രത്തിന്റെ മുകളിലാണ് ബാബ്‌റി മസ്ജിദ് നിലനില്‍ക്കുന്നതെന്നാരോപിച്ചായിരുന്നു ‘കര്‍സേവകര്‍’ മസ്ജിദ് തകര്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ അയോദ്ധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.
ആഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഭൂമി പൂജ നടക്കുന്നത്. ചടങ്ങില്‍ മോദി പങ്കെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട മുഖ്യാതിഥികളില്‍ ഒരാളാണിദ്ദേഹം.
രാമക്ഷേത്ര നിര്‍മാണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്ന് ബംഗ്ലാദേശ് വിദേശ കാര്യമന്ത്രി എ. കെ അബ്ദുള്‍ മോമന്‍ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളുടെയും ബന്ധം തകര്‍ക്കുന്ന തരം നടപടിയാണ് രാമക്ഷേത്ര നിര്‍മാണമെന്നും അതിനാല്‍ സര്‍ക്കാര്‍ പിന്മാറണമെന്നുമായിരുന്നു മോമന്‍ ആവശ്യപ്പെട്ടത്.
ഇന്ത്യ ഒരു ‘ദ്വിരാഷ്ട്ര സിദ്ധാന്തത്തിലേക്ക്’ നീങ്ങുകയാണെന്നും ക്ഷേത്രനിര്‍മ്മാണം ഇന്ത്യയെ സംബന്ധിച്ച ആഭ്യന്തര കാര്യമാണെങ്കിലും അയല്‍രാജ്യത്തെ ജനങ്ങളില്‍ വൈകാരിക സ്വാധീനം ചെലുത്തുമെന്നും ബംഗ്ലാദേശിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.