ദുബായ്∙ നയതന്ത്ര ബാഗേജിൽ കേരളത്തിലേയ്ക്കു സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതി തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശി ഫൈസൽ ഫരീദ് (36) ദുബായ് പൊലീസിന്റെ കസ്റ്റഡിയിൽ. ഫൈസലിനെ വൈകാതെ ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് കരുതുന്നത്. വ്യാജ രേഖകളുടെ നിർമാണം, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള സഹായം, കള്ളക്കടത്തിലുള്ള പങ്കാളിത്തം എന്നീ കുറ്റങ്ങളാണ് ഫൈസലിനെതിരെ എൻഐഎ ചുമത്തിയിരിക്കുന്നത്.
ഫൈസലിന്റെ പാസ്പോർട്ട് തടഞ്ഞുവച്ച കാര്യം ഇന്ത്യൻ എംബസി യുഎഇ അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർഥന പ്രകാരം ഫൈസലിന് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തുകയും ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഫൈസൽ ഫരീദിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ അതു നിഷേധിച്ചുകൊണ്ട് ഇയാൾ മാധ്യമങ്ങളുടെ മുന്നിലെത്തിയിരുന്നു.
എന്നാൽ ഇയാൾ തന്നെയാണു പ്രതിയെന്ന് എൻെഎഎ സ്ഥിരീകരിച്ചപ്പോൾ ഒളിവിൽ പോവുകയായിരുന്നു. ദുബായ് റാഷിദിയയിലായിരുന്നു ഫൈസൽ താമസിച്ചിരുന്നത്. ആഡംബര ജിംനേഷ്യം, കാറുകളുടെ വർക് ഷോപ് എന്നിവയുടെ ഉടമയാണ് ഫൈസൽ. ഇയാളുടെ തൃശൂരിലെ വീട്ടിൽ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു.