സംസ്ഥാനത്ത് ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് സ്വദേശിക്ക് കൊവിഡ്; സമ്പര്‍ക്കപ്പട്ടികയില്‍ 100ഓളം പേര്‍; ജില്ലയില്‍ കനത്ത ആശങ്ക

0
174

കാസര്‍ഗോഡ്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് ബാധിച്ച് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചു. ഞായറാഴ്ച മരിച്ച കാസര്‍ഗോഡ് താളിപ്പടപ്പ് സ്വദേശി കെ. ശശിധരയ്ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ശശിധരയുടെ സമ്പര്‍ക്കപ്പട്ടികയില്‍ നൂറോളം പേരുണ്ടെന്നാണ് ജില്ലാ ഭരണ കൂടം അറിയിച്ചത്. ഭാരത് ബീഡി കോണ്‍ട്രാക്ടറായിരുന്നു മരിച്ച ശശിധര. ഇതോടെ ജില്ലയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

ഒരാഴ്ചയായി ഇദ്ദേഹത്തിന് പനിയും ശ്വാസം മുട്ടലും അനുഭവപ്പെട്ടിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം. മരണ ശേഷം നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയില്‍ ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

ജില്ലയില്‍ തെക്കിലിലെ ടാറ്റാ കൊവിഡ് ആശുപത്രി നിര്‍മാണത്തിനെത്തിയ നാലുപേര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതര സംസ്ഥാനക്കാരുള്‍പ്പെടെ അറുപതോളംപേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

അതേസമയം സംസ്ഥാനത്ത് ഞായറാഴ്ച വരെ കൊവിഡ് ബാധിച്ച് മരിച്ചത് 61 പേരാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ കൂടുതല്‍ പേരും പുരുഷന്മാരാണ്.

40 പുരുഷന്മാരാണ് സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചത്. 21 പേര്‍ സ്ത്രീകളാണ്. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. 11 പേരാണ് ജില്ലയില്‍ കൊവിഡ് മൂലം മരിച്ചത്.

തിരുവനന്തപുരത്ത് 11, കൊല്ലത്ത് 4, പത്തനംതിട്ടയില്‍ 1, ആലപ്പുഴ 4, ഇടുക്കി 2, എറണാകുളം 7, തൃശൂര്‍ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂര്‍ 7, കാസര്‍കോട് 4 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here