ന്യൂഡല്‍ഹി: ലോക്ഡൗണിൽ ഇളവുകള്‍ നല്‍കിവരുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനു പകരമാവില്ല ഇ-ദര്‍ശനമെന്നും കോടതി ചൂണ്ടിക്കാട്ടി. ജാര്‍ഖണ്ഡിലെ ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രാവണി മേളയ്ക്ക് ഭക്തരെ പ്രവേശിക്കാന്‍ അനുവദിക്കാത്തതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര, ബി.ആര്‍ ഗവായ്, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ച് ഇങ്ങനെ നിരീക്ഷിച്ചത്.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധത്തിനായുള്ള സാമൂഹ്യ അകലം അടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടുവേണം ഇതെന്നും കോടതി നിര്‍ദേശിച്ചു. ബിജെപി എംപി നിഷികാന്ത് ദുബെ ആണ് ഹര്‍ജി നല്‍കിയത്.
ബൈദ്യനാഥ് ക്ഷേത്രത്തിലെ ശ്രാവണി മേളയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് നേരത്തെ ഝാര്‍ഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഭക്തര്‍ക്ക് ഓണ്‍ലൈനിലൂടെ ചടങ്ങുകള്‍ വീക്ഷിക്കാന്‍ സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല.
ഓണ്‍ലൈനിലൂടെയുള്ള ദര്‍ശനം പോരെന്നും സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഭക്തര്‍ക്ക് നേരിട്ട് ദര്‍ശനത്തിന് അവസരമൊരുക്കണമെന്നും ആയിരുന്നു നിഷികാന്ത് ദുബെയുടെ ഹര്‍ജിയിലെ ആവശ്യം. വീഡിയോ കോണ്‍ഫന്‍സിങ്ങിലൂടെയാണ് കോടതി ഹര്‍ജി പരിഗണിച്ചത്.