ദുബായ്: 2023-ൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കളിക്കണമെങ്കിൽ ഏകദിന സൂപ്പർ ലീഗിൽ ആദ്യ എട്ടിലെത്തണം. യോഗ്യതയ്ക്കുള്ള മാനദണ്ഡമെന്ന നിലയിൽ ഐ.സി.സിയാണ് ഏകദിന സൂപ്പർ ലീഗ് എന്ന പുതിയ പരീക്ഷണം പ്രഖ്യാപിച്ചത്. ലോകകപ്പിൽ പങ്കെടുക്കേണ്ട 10 ടീമുകളിൽ എട്ടു ടീമുകളേയാണ് സൂപ്പർ ലീഗിലൂടെ കണ്ടെത്തുക. ഇതിൽ ആതിഥേയരായ ഇന്ത്യയും ഉൾപ്പെടും.
നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടും അയർലന്റും തമ്മിൽ ജൂലൈ 30-ന് സതാംപ്റ്റണിൽ ആരംഭിക്കുന്ന ഏകദിന പരമ്പരയോടെയാണ് സൂപ്പർ ലീഗ് ആരംഭിക്കുക. ലീഗിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഐ.സി.സി വ്യക്തമാക്കി. 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ഇന്ത്യയിൽ ഏകദിന ലോകകപ്പ് നടക്കുക.
ഏകദിന ക്രിക്കറ്റ് കൂടുതൽ ആവേശകരവും ജനകീയവുമാക്കാനാണ് പുതിയ പരീക്ഷണമെന്നും ലോകകപ്പിന്റെ യോഗ്യതാ റൗണ്ടെന്ന നിലയിൽ അടുത്ത മൂന്നു വർഷം നടക്കുന്ന ഏകദിന മത്സരങ്ങൾ കൂടുതൽ ആവേശകരമാകുമെന്നും ഐ.സി.സി ഓപ്പറേഷൻസ് ജനറൽ മാനേജർ ജെഫ് അലാർഡിസ് വ്യക്തമാക്കി. സൂപ്പർ ലീഗ് യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ പ്രാധാന്യം വെസ്റ്റിൻഡീസ്-സിംബാബ്വെ മത്സരത്തിനും ലഭിക്കുമെന്നും ഐ.സി.സി ചൂണ്ടിക്കാട്ടുന്നു.
ഐ.സി.സിയിൽ സമ്പൂർണ അംഗങ്ങളായ 12 ടീമുകൾക്കൊപ്പം ലോക ക്രിക്കറ്റ് സൂപ്പർ ലീഗിലൂടെ മുന്നേറിയെത്തിയ നെതർലന്റ്സും സൂപ്പർ ലീഗിൽ ഏറ്റുമുട്ടും. ഓരോ വിജയത്തിനും 10 പോയിന്റ് ലഭിക്കും. സമനില ആയാൽ ഇരുടീമുകൾക്കും അഞ്ചു പോയിന്റ് വീതം ലഭിക്കും. മത്സരം ഉപേക്ഷിച്ചാലും പോയിന്റ് പങ്കുവെയ്ക്കും.
ആതിഥേയരായ ഇന്ത്യയും സൂപ്പർ ലീഗിൽ ആദ്യ ഏഴു സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ലോകകപ്പിന് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്നത് രണ്ട് സ്ഥാനങ്ങളാണ്. ഏകദിന സൂപ്പർ ലീഗിലൂടെ നേരിട്ട് യോഗ്യത നേടാനാകാത്ത അഞ്ചു ടീമുകൾ വീണ്ടും യോഗ്യതാ റൗണ്ടിൽ മത്സരിച്ചുവേണം ഈ രണ്ടു സ്ഥാനങ്ങളിലേക്ക് യോഗ്യത നേടാൻ. ഈ യോഗ്യതാ റൗണ്ടിൽ അഞ്ച് അസോഷ്യേറ്റ് രാജ്യങ്ങൾ കൂടി ഉൾപ്പെടും.