ന്യൂഡൽഹി ∙ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരുമായി രാവിലെ ഡൽഹിയിലെത്തി. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രമങ്ങള്‍ക്കിടെയാണു സച്ചിനും സംഘവും ഡൽഹിയിൽ എത്തിയത്. കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുമായി സച്ചിൻ കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണു വിവരം. സോണിയയുടെ വിശ്വസ്തനും മുതിർന്ന നേതാവുമായ അഹമ്മദ് പട്ടേലുമായി സച്ചിൻ സംസാരിച്ചിരുന്നു.
സർക്കാരിനെ അട്ടിമറിക്കാൻ ശ്രമമെന്നു കാട്ടി സച്ചിൻ പൈലറ്റിനോടു ജയ്പുർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമൻസ് അയച്ചെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 120–ബി അനുസരിച്ചാണു സമൻസ്. രാജസ്ഥാൻ എടിഎസും എസ്ഒജിയുമാണ് ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റിനെതിരെ സമൻസ് അയച്ചിരിക്കുന്നത്. ഇതു പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ ആഴത്തിലാക്കി.
ഗെലോട്ട് തന്നെ ഒതുക്കാൻ ശ്രമിക്കുന്നതായി സച്ചിൻ ശനിയാഴ്ച രാത്രി വൈകി പട്ടേലിനോട് പറഞ്ഞിരുന്നു. എന്നാൽ സച്ചിനുനേരെ ഒരു നീതികേടും ഉണ്ടാവില്ലെന്ന ഉറപ്പ് പട്ടേൽ നൽകിയെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഗെലോട്ടും പൈലറ്റും തമ്മിലുണ്ടാകുന്ന അസ്വാരസ്യങ്ങളിൽ കോൺഗ്രസ് നേതൃത്വം അങ്കലാപ്പിലാണ്. സമാന സാഹചര്യമാണു മധ്യപ്രദേശിലുണ്ടായത്. സർക്കാരിനെ അട്ടിമറിച്ച് ബിജെപിയുടെ കൈപിടിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയെ പ്രേരിപ്പിച്ചതു കമൽനാഥുമായുള്ള അഭിപ്രായവ്യത്യാസമാണ്.
പൈലറ്റെത്തിയത് 23 എംഎൽഎമാരുമായി
സച്ചിൻ പൈലറ്റ് ഡൽഹിയിലെത്തിയതു തന്നെ പിന്തുണയ്ക്കുന്ന 23 എംഎൽഎമാരുമായി ആണെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പൈലറ്റിനെ അനുകൂലിക്കുന്ന 16 എംഎൽഎമാരും മൂന്നു സ്വതന്ത്ര എംഎൽഎമാരും ഇന്നലെ തന്നെ ഡൽഹിയിൽ എത്തിയിരുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് എംഎൽഎമാരെ കൈക്കൂലി കൊടുത്തു പാട്ടിലാക്കാൻ മൂന്നു സ്വതന്ത്ര എംഎൽഎമാർ ശ്രമിച്ചുവെന്ന് ആരോപിച്ച് ഗെലോട്ട് ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഈ അന്വേഷണം തന്നെ പിന്തുണയ്ക്കുന്നവരെ ലക്ഷ്യമിട്ടാണെന്നാണു സച്ചിന്റെ ആരോപണം.
അതേസമയം, ഗെലോട്ടും പൈലറ്റും തമ്മിലുള്ള ‘ഈഗോ ക്ലാഷ്’ ആണിതെന്നാണു പാർട്ടിയിലെ മുതിർന്നവർ വിലയിരുത്തുന്നത്. ‘ക്ഷമ കാണിക്കണമെന്നും ഭാവി കളയരുതെന്നും’ ഈ സംഘം പൈലറ്റിനോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി മന്ത്രിസഭായോഗം സ്വന്തം വസതിയിൽ വിളിച്ചു ചേർത്തിരുന്നു. നഗര വികസന ഭവന മന്ത്രി ശാന്തി ധാരിവാൾ, ആരോഗ്യമന്ത്രി രഘു ശർമ, ഗതാഗത മന്ത്രി പ്രതാപ് സിങ് ഖച്ചരിയാവാസ് തൊഴിൽ മന്ത്രി ടിക്കാറാം ജുല്ലി എന്നിവരും പങ്കെടുത്തു. കോൺഗ്രസ് എംഎൽഎമാരെക്കൂടാതെ സ്വതന്ത്ര എംഎൽഎമാരും മുഖ്യമന്ത്രിയെ കണ്ടിരുന്നു.
എംഎൽഎമാരെ റാഞ്ചാൻ ബിജെപി
വൻതോതിൽ പണമിറക്കി എംഎൽഎമാരെ ചാക്കിടാനാണു ബിജെപി ശ്രമിക്കുന്നതെന്നാണു ഗെലോട്ടിന്റെ ആരോപണം. തന്നെയും തന്റെ സർക്കാരിനെയും അംഗീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും കഴിഞ്ഞിട്ടില്ലെന്നും അവരാണ് ഗൂഢാലോചന നടത്തുന്നതെന്നുമാണു ഗെലോട്ടിന്റെ നിലപാട്. സംസ്ഥാനത്തെ പ്രശ്നങ്ങൾ കോൺഗ്രസിന്റെ ആഭ്യന്തര പോരാട്ടത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി ആരോപണങ്ങൾ തങ്ങളുടെമേൽ ചുമത്തുകയാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ വ്യക്തമാക്കി.