കൊച്ചി: അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധപ്രവർത്തകർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിൽ ഫിറോസ് കുന്നംപറമ്പിലിനെ ചോദ്യം ചെയ്തു.
എറണാകുളം എ.സി.പി കെ. ലാൽജിയുടെ നേതൃത്വത്തിലാണ് ഫിറോസിനെ ചോദ്യം ചെയ്തത്. പെൺകുട്ടിയെ ഫോണിൽ വിളിച്ചത് സംബന്ധിച്ചുള്ള വിവരങ്ങൾ പോലീസ് ചോദിച്ചറിഞ്ഞു. ഫിറോസ് പറഞ്ഞ വിവരങ്ങൾ സത്യമാണോ എന്ന് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ലാൽജി പറഞ്ഞു.
ചികിത്സാ സഹായമായി ലഭിക്കുന്ന പണം സംബന്ധിച്ച് പെൺകുട്ടിയും സന്നദ്ധപ്രവർത്തകരും തമ്മിൽ ധാരണയുണ്ടാക്കിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കും. ഇതോടൊപ്പംതന്നെ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കൂടുതൽപേരെ ചോദ്യം ചെയ്യാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേസിലുൾപ്പെട്ട മറ്റ് മൂന്നുപേരെ ചോദ്യം ചെയ്തിരുന്നു. സന്നദ്ധ പ്രവർത്തകരായ സാജൻ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് ചോദ്യം ചെയ്തത്.