രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് വായ്പ എടുത്ത് മനഃപൂർവം കിട്ടാക്കടം വരുത്തിയവരുടെ വിവരങ്ങൾ പുറത്ത്. 1,47,350 കോടി രൂപയാണ് വിവിധ ബാങ്കുകൾക്ക് കിട്ടാകടമായിട്ടുള്ളത്. അഞ്ച് കോടിക്ക് മുകളിൽ വായ്പ എടുത്ത് കിട്ടാക്കടം വരുത്തിയ 2426 അക്കൗണ്ടുകളുടെ വിവരങ്ങളാണ് പ്രസിദ്ധപ്പെടുത്തിയത്.
ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനാണ് വിവരങ്ങൾ പുറത്തുവിട്ടത്. പൊതുജനങ്ങളുടെ സമ്പാദ്യം തട്ടി എടുത്ത രാജ്യദ്രോഹികളെ സമൂഹത്തിന് മുന്നിൽ തുറന്നു കാണിക്കുക എന്നത് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വർഷങ്ങളായി ഉയർത്തുന്ന അവശ്യമാണ്. ഇതിന്റെ തുടർ നടപടിയായാണ് സാമ്പത്തിക കുറ്റവാളികളുടെ പേര് വിവരങ്ങൾ അസോസിയേഷൻ പുറത്തുവിട്ടത്.
എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കനറാ ബാങ്കുകൾക്കാണ് കോടികളുടെ കിട്ടാകടം. ഗീതാഞ്ജലി ജെംസ് ലിമിറ്റഡാണ് ഏറ്റവും ഉയർന്ന തുക അടയ്‌ക്കേണ്ടത്. 4644 കോടി രൂപ. പഞ്ചാബ് നാഷണൽ ബാങ്കിനാണ് ഇത്ര രൂപയുടെ നഷ്ടം.
തൊട്ടുതാഴെ എബിജി ഷിപ്പ്‌യാർഡ് ലിമിറ്റഡും റെയ് അഗ്രോ ലിമിറ്റഡുമാണ്. രണ്ട് കമ്പനികളും യഥാക്രമം 1875, 1745 കോടി എന്നിങ്ങനെയാണ് അടയ്ക്കാനുള്ളത്. ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ വർഷങ്ങളായി ഉയർത്തുന്ന അവശ്യത്തിനൊടുവിലാണ് ഇവർ തന്നെ വിവരങ്ങൾ പുറത്തു വിട്ടത്.