പെരുമ്പാവൂർ∙ പെട്രോൾ പമ്പിൽ വാക്കുതർക്കത്തെ തുടർന്നു നടന്ന അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിനു കൈമാറിയത്.
ചൊവ്വാഴ്ച രാത്രി പട്ടാൽ പെട്രോൾ പമ്പിലാണ് സംഭവം. പെട്രോൾ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്കൂട്ടർ മറ്റൊരാളുടെ കാലിൽ തട്ടിയതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. ഇത് ഇരുവരും തമ്മിലുള്ള അടിപിടിയിൽ കലാശിച്ചു. ഇതിനിടയിൽ സഞ്ജു കത്തിയെടുത്തു വീശുകയായിരുന്നു.
സ്കൂട്ടറിൽ കയറി രക്ഷപെടാൻ ശ്രമിച്ച ഇയാളെ സമീപത്തുണ്ടായിരുന്നവർ പിടികൂടി കൈകൾ കെട്ടിയിട്ടു. പരുക്കുള്ളതിനാലാണ് സഞ്ജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.