പുക വലിക്കുന്നവരേ ജാഗ്രതൈ, നിങ്ങള്‍ കൊവിഡിന്റെ പടിക്കലാണ്; മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

0
188

ന്യൂദല്‍ഹി: (www.mediavisionnews.in) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുകവലിക്കുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകവലിക്കുന്നതിലൂടെ കൈയ്യില്‍നിന്നും വൈറസ് വായിലേക്ക് കടക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുകയില ഉപയോഗിക്കുന്നത് ശ്വാസകോശ സംബന്ധമായ അണുബാധ വര്‍ധിപ്പിക്കാനും വൈറസ് ബാധിക്കാനും ഇടയാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് 19 മഹാമാരിയും ഇന്ത്യയിലെ പുകയില ഉപയോഗവും എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പുകവലിക്കുന്നവര്‍ക്ക് കടുത്ത കൊവിഡ് ലക്ഷണങ്ങള്‍ ഉണ്ടാകാനും വൈറസ് ബാധിച്ച് മരിക്കാനുമുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. കൊറോണ വൈറസ് പ്രാഥമികമായി ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നും അതുകൊണ്ട് പുകയില ഉല്‍പന്നങ്ങള്‍ ഉപേക്ഷിക്കാനുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുകവലിക്കുന്നതിലൂടെ വിരലുകളിലൂടെ ചുണ്ടിലേക്ക് വൈറസ് പകരാനുള്ള സാധ്യതയുണ്ട്. വാട്ടര്‍ പൈപ്പുകളോ ഹുക്കയോ ഉപയോഗിച്ചുള്ള പുക വലിയിലും ഈ സമ്പര്‍ക്ക സാധ്യതയുണ്ട്. ഇത് കൊവിഡിന്റെ പകര്‍ച്ചയിലേക്ക് നയിച്ചേക്കാം എന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഹൃദ് രോഗങ്ങള്‍, കാന്‍സര്‍. ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം എന്നീ സാംക്രമികേതര രോഗങ്ങള്‍ക്ക് പുകയില കാരണമാവുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൊവിഡ് ബാധിച്ചാല്‍ അത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാവും.

ഇന്ത്യയിലെ 63 ശതമാനം മരണങ്ങളുടെയും കാരണം ഇത്തരം സാംക്രമികേതര രോഗങ്ങളാണ്. ഇത് ഇനിയും കൂടാനാണ് സാധ്യത.

പുകയിലയിലെ രാസവസ്തുക്കള്‍ രോഗപ്രതിരോധ കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.

‘പുകവലി ശ്വാസകോശ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. അതുവഴി രോഗ പ്രതിരോധശേഷി കുറയുകയും വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ ശരീരത്തിന് കഴിവില്ലാതാവുകയും ചെയ്യും. പുകവലി, ഇ സിഗരറ്റ്, പുകയില, പാന്‍ മസാല തുടങ്ങിയ ഉല്‍പന്നങ്ങള്‍ ശ്വാസകോശ അണുബാധകളുടെ അപകടസാധ്യതയും തീവ്രതയും വര്‍ധിപ്പിക്കും’, റിപ്പോര്‍ട്ടില്‍ പറയുന്നു.

കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള തെളിവുകള്‍ പ്രകാരം, നേരത്തെ സാംക്രമികേതര രോഗങ്ങളുണ്ടായിരുന്നവര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ അപകട സാധ്യത ഉയര്‍ന്ന തോതിലാണെന്നും മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here