ബ്രിട്ടണിലെ ഹോർഷാം പൊലീസ് ഡിപ്പാർട്ട്മെൻ്റിലേക്ക് ഒരു അറിയിപ്പ് വന്നു. വെസ്റ്റ് സസക്സിലെ ഒരു പാർക്കിൽ വന്യജീവിയെ കാണുന്നുണ്ട് എന്നായിരുന്നു അറിയിപ്പ്. മാർജാര കുടുംബത്തിൽ പെട്ട മാംസഭുക്കിനെ കണ്ടെത്തിയെന്ന അറിയിപ്പിലെ തുടർന്ന് സർവസന്നാഹങ്ങളുമായി പൊലീസ് സ്ഥലത്ത് കുതിച്ചെർത്തി. ഒറ്റനോട്ടത്തിൽ, ഒരു കരിമ്പുലി പാർക്കിലെ ബെഞ്ചിൽ പിടിച്ച് നിൽക്കുന്ന കാഴ്ചയിലേക്കാണ് അവർ എത്തുന്നത്. എന്നാൽ, കൂടുതൽ പരിശോധിച്ചപ്പോഴല്ലേ രസം. ആ കരിമ്പുലി ഒരു സ്റ്റഫ്ഡ് ടോയ് ആയിരുന്നു.
ഹോർഷാം പൊലീസ് തന്നെയാണ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ഈ അമളിക്കഥ പങ്കുവച്ചത്. “വലിയ ഒരു വന്യജീവിയെപ്പറ്റിയുള്ള റിപ്പോർട്ട് സത്യമായി. അതൊരു സ്റ്റഫ്ഡ് ടോയ് ആയിരുന്നു. പക്ഷേ, സ്ഥലത്തെത്തിയ ഓഫീസർമാർക്ക് അത് ആദ്യം മനസ്സിലായില്ല”- ഹോർഷാം പൊലീസ് ട്വിറ്ററിൽ കുറിച്ചു. ട്വീറ്റ് വ്യാപകമായി പ്രചരിക്കുകയാണ്.
ഇത് ആദ്യമായല്ല പൊലീസിന് സ്റ്റഫ്ഡ് ടോയ്സ് ‘പണി’ കൊടുക്കുന്നത്. 2018ൽ സ്കോട്ലൻഡ് പൊലീസിനും ഇതുപോലെ അബദ്ധം പറ്റിയിരുന്നു. അന്ന് ഒരു കടുവയുടെ സ്റ്റഫ്ഡ് ടോയ് ഇവരെ വട്ടം കറക്കിയത് 45 മിനിട്ടായിരുന്നു. 45 മിനിട്ട് നീണ്ട പരിശോധനകൾക്ക് ശേഷമാണ് അന്ന് പൊലീസിന് സംഭവം മനസ്സിലായത്.