കൊച്ചി: അമ്മയുടെ ശസ്ത്രക്രിയ്ക്കായി സ്വരൂപിച്ച പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഫിറോസ് കുന്നുംപറമ്പില്‍. വര്‍ഷയുടെ അമ്മയുടെ ചികിത്സയ്ക്കും മറ്റാവശ്യങ്ങള്‍ക്കും കഴിഞ്ഞുള്ള തുക മറ്റു രോഗികൾക്ക് നൽകാമെന്ന് ധാരണ ഉണ്ടായിരുന്നെന്നും ഫിറോസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നും ആവശ്യമെങ്കില്‍ ഫിറോസിനെ വീണ്ടും വിളിച്ച് വരുത്തുമെന്നും എസിപി കെ ലാല്‍ജി പറഞ്ഞു.
അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്ക് സഹായമായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു. അമ്മ രാധയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കുള്ള പണത്തിനു വേണ്ടി സാമൂഹിക മാധ്യമങ്ങളിലൂടെ സഹായ അഭ്യര്‍ത്ഥന നടത്തിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് എറണാകുളം ചേരാനല്ലൂര്‍ പൊലീസ് കേസെടുത്തത്.
ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫെയ്സ്ബുക്കില്‍ ലൈവില്‍ എത്തുന്നത്. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍ ജോയിന്‍റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതിന് പെണ്‍കുട്ടി സമ്മതിച്ചില്ല. ഇതോടെ നിരന്തരം ഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുകയും ചെയ്യുകയായിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു.