ക്രിക്കറ്റിലെ നോ ബോള്‍ വിവാദങ്ങള്‍ക്ക് പരിഹാരം കാണാന്‍ പുതിയ പരിഷ്‌ക്കാരവുമായി ഐ.സി.സി. ക്രിക്കറ്റിലെ ഫ്രണ്ട് ഫൂട്ട് നോ ബോളുകള്‍ ഇനി മുതല്‍ ടെലിവിഷന്‍ അമ്പയര്‍ പറയും. നോ ബോളിനെ ചുറ്റിപ്പറ്റി വര്‍ദ്ധിച്ചു വരുന്ന പരാതികളും വിവാദങ്ങളും കണക്കിലെടുത്താണ് ഐസിസിയുടെ പുതിയ നീക്കം.
പുതിയ രീതി അനുസരിച്ച് ടെലിവിഷന്‍ അമ്പയര്‍, ബോളര്‍മാര്‍ എറിയുന്ന പന്തുകളെല്ലാം ഹോക്ക് ഐ ഫ്രീസ് ഫ്രെയിം ഉപയോഗിച്ച് കൃത്യമായി വിലയിരുത്തും. ഇതിനായി സൂപ്പര്‍ സ്ലോ മോഷന്‍ റിപ്ലേയും ഉപയോഗിക്കും. പന്ത് നോ ബോള്‍ ആണെങ്കില്‍ ടിവി അമ്പയര്‍, ബസര്‍ ഉപയോഗിച്ച് ഓണ്‍ ഫീല്‍ഡ് അമ്പയര്‍ക്ക് നിര്‍ദ്ദേശം നല്‍കും. ഈ സമയം ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ നോ ബോള്‍ വിളിക്കും.
നിലവില്‍ ഫീല്‍ഡ് അമ്പയര്‍മാരാണ് നോ ബോളുകള്‍ പരിശോധിച്ചിരുന്നത്. ഫീല്‍ഡ് അമ്പയര്‍മാര്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കാതെ വരുന്ന സമയങ്ങളിലോ ടീമുകള്‍ അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗിക്കുന്ന അവസരങ്ങളിലോ ആണ് നേരത്തെ നോ ബോള്‍ തീരുമാനങ്ങള്‍ തേഡ് അമ്പയറിന് വിട്ടിരുന്നത്.
നേരത്തെ ഓസ്‌ട്രേലിയയില്‍ നടന്ന വനിതാ ലോക കപ്പില്‍ പുതി രീതി ഐ.സി.സി പരീക്ഷിച്ചിരുന്നു. ഒരു പ്രധാന ടൂര്‍ണമെന്റില്‍ ആദ്യമായിട്ടായിരുന്നു ഐസിസി ഈ രീതി പ്രയോഗിച്ചത്.