വളർത്തുമൃഗങ്ങൾ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ടുവരുമെന്നാണ് നമ്മുടെ അനുഭവം. എന്നാൽ ചിലപ്പോഴെങ്കിലും വളർത്തുമൃഗങ്ങളുടെ കുസൃതി വീട്ടിലെ സമാധാനാന്തരീക്ഷം തകർക്കാറുമുണ്ട്. ഒരു കാരണവുമില്ലാതെ തലവേദനയുണ്ടാക്കുന്നതിൽ പൂച്ചകളെക്കാൾ മിടുക്കർ വേറെയാരുമില്ല. അവിചാരിതമായി അച്ഛനാകേണ്ടിവന്ന ഒരു യുവാവിന്റെ അനുഭവമാണ് ഇവിടെ പറയുന്നത്. ഭാര്യ ഗർഭിണിയായതിന്റെ കുറ്റം അദ്ദേഹം ചാർത്തുന്നത് ഓമനിച്ചുവളർത്തുന്ന പൂച്ചയുടെ തലയിലും.
ഗർഭനിരോധന ഉറകളില്‍ സുഷിരമുണ്ടാക്കിവെച്ച് വളർത്തുപൂച്ച തന്നെ ചതിച്ച കഥയാണ് യുവാവിന് പറയാനുള്ളത്. സോഷ്യൽമീഡിയ കൂട്ടായ്മയായ റെഡ്ഡിറ്റിൽ പങ്കുവെച്ച പോസ്റ്റിലാണ് യുവാവ് തന്റെ കദനകഥ പറയുന്നത്. കോവിഡ് മഹാമാരിയുടെ കാലം കഴിയുന്നതുവരെ കൂട്ടികൾ വേണ്ടെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഒരുകുട്ടിയുടെ രക്ഷിതാക്കളായ ദമ്പതികൾ. സങ്കീർണതകൾ നിറഞ്ഞ ആദ്യ പ്രസവത്തിന്റെ അവശതകൾ ഭാര്യയിൽ നിന്നു വിട്ടുമാറിയിരുന്നുമില്ല.
എന്നാൽ, ഡ്രായറുകളിലും മേശകളിലും അലമാരയിലുമൊക്കെ വിശ്രമിക്കാനെത്തുന്ന വളർത്തുപൂച്ച കരുതിവെച്ചത് മറ്റൊരു വിധിയായിരുന്നു . ആഴ്ചകൾക്ക് മുൻപാണ് ടോമിനെ യുവാവ് ദത്തെടുത്തത്. പിന്നീട് രാവിലെ ഉറക്കമെഴുന്നേൽക്കുമ്പോൾ കിച്ചൻ കാബിനറ്റ് ഡോറും മേശകളുടെ ഡ്രായറുമൊക്കെ പലപ്പോഴും തുറന്നിട്ട നിലയിലായിരുന്നു. പ്രേതശല്യമെന്നാണ് ആദ്യം യുവാവ് കരുതിയത്.
ഗുളികകൾ അലർജിയായതിനാൽ ഗർഭനിരോധന ഉറകൾ ഉപയോഗിക്കാൻ ദമ്പതികൾ തീരുമാനിച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ താൻ ഗർഭിണിയാണെന്ന സത്യം യുവതി മനസ്സിലാക്കി. ഇതോടെയാണ് പ്രേതകഥയിലെ യഥാർത്ഥ വില്ലനാര് എന്ന് ദമ്പതികൾക്ക് ബോധ്യമായത്. ഡ്രായറിൽ കോണ്ടം സൂക്ഷിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടാണ് യുവാവിന്റെ പോസ്റ്റ്.
ഒരു പ്ലാസ്റ്റിക് ബോക്സിനകത്താക്കിയാണ് കോണ്ടം പാക്കറ്റുകൾ യുവാവ് ഡ്രായറിൽ സൂക്ഷിച്ചത്. പല ദിവസങ്ങളിലും ഇവ തുറന്നുകിടന്നിരുന്നുവെന്ന് മാത്രമല്ല, കോണ്ടം പാക്കറ്റുകൾ വാരി വലിച്ചിട്ട നിലയിൽ നിലത്തുകിടക്കുകയായിരുന്നു. ഇവ ശ്രദ്ധിക്കാതെ തിരിച്ച് ബോക്സിലേക്ക് എടുത്തുവെച്ചു. രാവിലെ നടന്നതിന് പറ്റി ചിന്തിക്കാതെ രാത്രി കോണ്ടം ഉപയോഗിക്കുകയും ചെയ്തു.
മൂന്നുമാസം കഴിഞ്ഞപ്പോൾ യുവതി ഗർഭ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. തുടർന്ന് പരിശോധിച്ചപ്പോഴാണ് ഗർഭിണിയാണെന്ന കാര്യം ഉറപ്പിച്ചത്. പിന്നെ ഇത് എങ്ങനെ സംഭവിച്ചുവെന്ന് തലപുകച്ചാലോചിക്കുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ടോം ഡ്രായറിൽ കയറിയതും കോണ്ടം ഉൾപ്പെടെയുള്ള സാധനങ്ങൾ ചിന്നിച്ചിതറി കിടന്നതും യുവാവിന് ഓർമ വന്നത്. ഉടൻ തന്നെ ഡ്രായർ തുറന്ന് ബാക്കിയുള്ള കോണ്ടം കവറുകൾ പരിശോധിച്ചു. പലതിലും കടിച്ചതിന്റെ പാടുകൾ കണ്ടു, ചിലതിൽ സുഷിരവും വീണിരുന്നു. കാര്യം എന്തായാലും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.