ന്യൂഡൽഹി : ടിക് ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന്റെ പ്രയോജനം ഏറ്റവുമധികം ലഭിച്ചത് ഇന്ത്യൻ നിർമ്മിത ആപ്പായ ഷെയർ ചാറ്റിനാണ് . ചൈനീസ് ആപ്പുകളുടെ നിരോധനം പ്രഖ്യാപിച്ച് കേവലം മുപ്പത്താറുമണിക്കൂറിനുളളിൽ പതിനഞ്ചുദശലക്ഷം ഡൗൺലോഡുകളാണ് ഇൗ ആപ്പിന് ലഭിച്ചത്. മണിക്കൂറിൽ അഞ്ചുലക്ഷം എന്ന നിരക്കിലാണ് ഷെയർ ചാറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നത്. ഇത് ഇനിയും കൂടുമെന്നാണ് കരുതുന്നത്. നേരത്തേ തന്നെ ടിക് ടോക് , ഹലോ എന്നിവയുടെ കടുത്ത എതിരാളിയായിരുന്നു ഷെയർചാറ്റ്. ഇന്ത്യൻ ആപ്പുകൾക്കായി സെർച്ച് ചെയ്യുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
കാൺപൂർ ഐ ഐ ടിയിൽ പഠിച്ചിറങ്ങിയ മൂന്നുപേർ ചേന്നാണ് ഷെയർചാറ്റ് സ്ഥാപിച്ചത്. സാധാരണ ജനങ്ങൾ മാത്രമല്ല സർക്കാർ വകുപ്പുകളും തങ്ങളുടെ ഒൗദ്യോഗിക അക്കൗണ്ടുകൾ ഷെറർ ചാറ്റിൽ ആരംഭിക്കുന്നുണ്ട്. ഷെയർ ചാറ്റുപോലെ ഇന്ത്യൻ ആപ്ലിക്കേഷനുകളായ ചിംഗാരി, മിത്രോൺ എന്നിവയ്ക്കും കഴിഞ്ഞ ദിവസങ്ങളിൽ വൻ മുന്നേറ്റമുണ്ടായെന്നാണ് റിപ്പോർട്ട്.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം കടുത്തതോടെ ദേശീയ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം ചൈനീസ് ആപ്പുകൾ നിരോധിക്കാൻ തീരുമാനിച്ചത്. ഇത് ചൈനയ്ക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ടിക് ടോക് അടക്കമുള്ള ആപ്പുകളുടെ നിരോധനം ഇന്ത്യ നീട്ടുകയാണെങ്കിൽ ആഗോള ടെക് ഭീമനാകാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് തടസമാകുമെന്നാണ് കരുതുന്നത്.