കാസർകോട്: ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം അറിയാൻ നടത്തുന്ന റാപ്പിഡ് ടെസ്റ്റ് വർധിച്ചതോടെ റാപ്പിഡ് ആന്റിജൻ കിറ്റിന് ലഭ്യതക്കുറവ്. ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ഇവിടങ്ങളിൽ ഫലം വരാൻ 4 ദിവസത്തോളമെടുക്കുന്ന ആർടിപിസിആർ പരിശോധനകൾക്ക് സൗകര്യമുണ്ടെങ്കിലും കോവിഡ് പോസിറ്റീവ് ആകുന്ന 107 പേരിൽ 105 പേർക്കും സമ്പർക്ക വ്യാപനം റിപ്പോർട്ട് ചെയ്യുന്ന ഘട്ടമെത്തിയതോടെ സമ്പർക്കത്തിൽ വരുന്നവരെ മുഴുവൻ റാപ്പിഡ് ടെസ്റ്റ് നടത്തി ഉടൻ ഫലമറിയുകയാണ്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി, മംഗൽപ്പാടി, നീലേശ്വരം, തൃക്കരിപ്പൂർ, പൂടംകല്ല് താലൂക്ക് ആശുപത്രികൾ, മഞ്ചേശ്വരം, ബദിയടുക്ക, കുമ്പള, പെരിയ, ചെറുവത്തൂർ സിഎച്ച്സികൾ, ഉദുമ കുടുംബക്ഷേമ ഉപകേന്ദ്രം എന്നിവിടങ്ങളാണ് പരിശോധനാ കേന്ദ്രങ്ങൾ. സമ്പർക്ക വ്യാപനമേറിയതോടെ ഓഗ്‌മെന്റഡ് സാംപിൾ കലക്ഷൻ സെന്ററുകൾ എന്ന പേരിൽ അതതു സ്ഥലങ്ങളിലെ പൊതുകേന്ദ്രങ്ങളിലും പരിശോധനാ ക്യാംപ് നടത്തുന്നു. ജില്ലയിലെ 12 പിഎച്ച്സികൾ കേന്ദ്രീകരിച്ച് കഴിഞ്ഞയാഴ്ച 50 സാംപിളുകൾ വീതം ശേഖരിച്ചിരുന്നു.
നാളെ ഇതേ രീതിയിൽ വീണ്ടും പരിശോധന നടത്താനിരിക്കയാണ്. അതിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഓഗ്‌മെന്റഡ് സാംപിൾ കലക്ഷൻ നടത്താനും ആവശ്യമേറുന്നതോടെയാണ് കിറ്റിന് ക്ഷാമം അനുഭവപ്പെടുന്നത്. ആർടിപിസിആർ ടെസ്റ്റിൽ ശേഖരിക്കുന്ന സാംപിളുകളിൽ ഉദുമ വരെയുള്ളത് പെരിയ കേന്ദ്രസർവകലാശാലയിൽ സജ്ജീകരിച്ച വൈറോളജി ലാബിലും മറ്റു ഭാഗങ്ങളിലേത് തലശ്ശേരി മിംസിലെ വൈറോളജി ലാബിലും ആണ് പരിശോധിക്കുന്നത്.