കർണാടകയിലെ സ്വകാര്യ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപയുടെ ബിൽ; ശക്തമായ നടപടിയെന്ന് ആരോഗ്യമന്ത്രി

0
193

ബംഗളുരു: കോവിഡ് ചികിത്സയ്ക്ക് അഞ്ച് ലക്ഷം രൂപ ഈടാക്കിയെന്ന ആരോപണം കർണാടകയിൽ ചൂടേറിയ ചർച്ചയാകുന്നു. ഭീമമായ ബിൽ ഈടാക്കിയ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ അറിയിച്ചു.

സംസ്ഥാനത്തെ കോവിഡ് -19 പ്രതിരോധപ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡോ. സുധാകർ സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് തന്റെ ട്വിറ്ററിൽ പോസ്റ്റുചെയ്തു. സർക്കാർ മാർഗനിർദേശങ്ങളും മുന്നറിയിപ്പുകളും ചില ആശുപത്രികൾ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“അപ്പോളോ ആശുപത്രിയിൽ രോഗികൾ വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇതിനെതിരെ പലതവണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് …” അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് തയ്യാറായ കോവിഡ് -19 രോഗികളിൽ നിന്ന് അയ്യായിരം മുതൽ പതിനായിരം രൂപ വരെ ഈടാക്കാനാണ് സർക്കാർ നിർദേശം നൽകിയത്. അതേസമയം മന്ത്രിയുടെ ആരോപണം തള്ളി ആശുപത്രി മാനേജ്മെന്റ് രംഗത്തെത്തി. “മന്ത്രി തെറ്റിദ്ധാരണ മൂലമാണ് അങ്ങനെ സംസാരിച്ചത്. ഇക്കാര്യം ഞങ്ങളുടെ മാനേജ്‌മെന്റ് അദ്ദേഹത്തെ അറിയിച്ചു.” ഇൻഷുറൻസ് താരിഫ് പ്രകാരമാണ് ബില്ലിംഗ് നടത്തിയതെന്ന് ആശുപത്രി എക്സിക്യൂട്ടീവ് പി.ടി.ഐയോട് പറഞ്ഞു.

64 കാരനായ രോഗിയെ ജൂലൈ മൂന്നിന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. “രോഗിയുടെ കുടുംബം ബില്ലിൽ പരാതി പറഞ്ഞിട്ടില്ല. രോഗിയുടെ മകൻ മെഡിക്കൽ മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്, സ്ഥിതി നന്നായി മനസ്സിലാക്കിയിട്ടുണ്ട്.”- ആശുപത്രി വൃത്തങ്ങൾ പറയുന്നു.

രോഗി ഇപ്പോഴും ആശുപത്രിയിൽ ആയതിനാൽ പ്രതികരിക്കുന്നില്ലെന്ന് രോഗിയുടെ മകൻ പറഞ്ഞു. “പൂർണമായി സുഖം പ്രാപിച്ച ശേഷം എന്റെ പിതാവിനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ സമയത്ത്, അഭിപ്രായം പറഞ്ഞ് വിഷയം കൂടുതൽ സങ്കീർണ്ണമാക്കാൻ ആഗ്രഹിക്കുന്നില്ല,” മകൻ പറഞ്ഞു.

കർണാടകയിൽ രണ്ടാഴ്ച മുമ്പ് മറ്റൊരു സ്വകാര്യ ആശുപത്രി ഒരു രോഗിക്ക് 9 ലക്ഷം രൂപയുടെ ബിൽ നൽകിയത് വിവാദമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here