ന്യൂഡൽഹി: ആശുപത്രി അധികൃതരുടെ വീഴ്ച മൂലം രാജ്യതലസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച മുസ്ലീം സ്ത്രീയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചു. എയിംസ് ട്രോമ കെയർ സെന്‍ററിൽ നിന്നാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ ഏഴിനാണ് സംഭവം. കോവിഡ് ബാധിച്ച് മരിച്ച മുസ്ലീം സ്ത്രീയുടെ മൃതദേഹം ആളുമാറി ഹൈന്ദവ കുടുംബത്തിനാണ് വിട്ടു നൽകിയത്. . കോവിഡ് ചികിത്സയിലിരുന്ന സ്ത്രീ മരണപ്പെട്ടുവെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ബന്ധുക്കൾ ഉടൻ തന്നെ ആശുപത്രിയിലെത്തുകയും ചെയ്തു, കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം പ്രത്യേകം പൊതിഞ്ഞാണ് ബന്ധുക്കൾക്ക് വിട്ടു നൽകുക. ഇതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
മൃതദേഹം അവസാനമായി ഒന്നു കാണണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടുവെങ്കിലും സംസ്കാര സ്ഥലത്തെത്തിയിട്ട് മാത്രമെ ഇനി കാണാനാകു എന്ന മറുപടിയാണ് ലഭിച്ചത്. ഇതിനെ തുടർന്ന് കുറച്ച് ബന്ധുക്കൾ മാത്രം മൃതദേഹം ഏറ്റുവാങ്ങുന്നതിനായി ആശുപത്രിയിൽ നിൽക്കുകയും ബാക്കിയുള്ളവർ ഡൽഹി ഗേറ്റിന് സമീപമുള്ള ഖബർ സ്ഥാനത്തേക്ക് പോവുകയും ചെയ്തു.
ഉച്ചയോടെ പ്ലാസ്കിക് കവറുകളിലടക്കം പൊതിഞ്ഞ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്ക ചടങ്ങുകൾക്കായെത്തിച്ചപ്പോൾ ഇവരെ അവസാനമായി ഒന്നു കാണണമെന്ന ആവശ്യം ഉന്നയിച്ച് മക്കളെത്തി. ഇത്തരത്തിൽ മൃതദേഹം കാണിക്കുന്നതിനായി 500 രൂപ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നുവെന്നും അതനുസരിച്ച് പണം നൽകിയാണ് ഇവരുടെ മുഖം അവസാനമായി ഒന്നു കണ്ടതെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. അവസാനമായി മുഖം കണ്ടപ്പോഴാണ് അത് തങ്ങളുടെ മാതാവല്ലെന്ന് മക്കൾ തിരിച്ചറിഞ്ഞത്. ആശുപത്രിയിൽ മരണപ്പെട്ട ഹൈന്ദവ വിശ്വാസിയായ ഒരു സ്ത്രീയുടെ മൃതദേഹമായിരുന്നു ആളുമാറി ഖബറടക്കത്തിനായി എത്തിച്ചത്.
ഉടൻ തന്നെ ആശുപത്രി അധികൃതരെ വിവരമറിയിച്ചു. ചെറിയൊരു പിഴവ് സംഭവിച്ചുവെന്നും ഒരു മണിക്കൂറിനുള്ളിൽ മൃതദേഹം വിട്ടുനൽകാമെന്നുമായിരുന്നു മറുപടി. മണിക്കൂറുകളോളം ഖബർസ്ഥാനത്ത് തന്നെ കാത്തുനിന്നെങ്കിലും പിന്നീട് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും പ്രതികരണം ഒന്നും ഉണ്ടായില്ലെന്നും ഇവർ പറയുന്നു. തുടർന്ന് കുടുംബാംഗങ്ങൾ ട്രോമ സെന്‍ററിൽ നേരിട്ടെത്തി.
അവിടെ വച്ചാണ് സ്ത്രീയുടെ മൃതദേഹം മറ്റൊരു കുടുംബത്തിന് വിട്ട് നൽകിയെന്നും ആളറിയാതെ അവർ ഹൈന്ദവ ആചാരപ്രകാരം ദഹിപ്പിച്ചുവെന്നുമുള്ള വിവരം തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് സ്വന്തം മകളുടെതെന്ന് കരുതി ദഹിപ്പിച്ച മൃതദേഹം ഒരു മുസ്ലീം സ്ത്രീയുടെതാണെന്ന് ഹിന്ദു കുടുംബവും തിരിച്ചറിഞ്ഞത്.
കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കർശനമായി പ്രതിരോധ-സുരക്ഷ നിയന്ത്രണങ്ങൾ പാലിച്ചാണ് മൃതദേഹങ്ങൾ വിട്ടു നൽകുന്നത്. PPE കിറ്റുകളും പ്ലാസ്റ്റിക് കവറുകളും ഉപയോഗിച്ച് പൊതിഞ്ഞ് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾക്കായെത്തിക്കുന്നത്. ബന്ധുക്കളെ മൃതദേഹം കാണിക്കുന്നത് പോലും അപൂർവമാണ്. അതുകൊണ്ട് തന്നെയാണ് കുടുംബാംഗങ്ങൾ പോലും തിരിച്ചറിയാതെ പോയതും.
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നാണ് എയിംസ് ട്രോമ സെന്‍റർ അധികൃതർ പറയുന്നത്. സംഭവത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന മോർച്ചറി ജീവനക്കാരിലൊരാളെ പുറത്താക്കിയതായും മറ്റൊരാളെ സസ്പെൻഡ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.