തിരുവനന്തപുരം∙ ആറ്റിങ്ങല്‍ എംഎല്‍എയും സിപിഎം നേതാവുമായ ബി. സത്യനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പൊതുപരിപാടി സംഘടിപ്പിച്ചതിനാണ് എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. എംഎല്‍എ ഉള്‍പ്പെടെ നൂറോളം പേര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു.
ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സെക്ഷന്‍ 4, 5 വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണു നിര്‍ദേശം. ജൂണ്‍ 10ന് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് കാരക്കാച്ചി കുളം നവീകരണ ഉദ്ഘാടനം നടത്തിയെന്നാണ് പരാതി. ബി. സത്യന്‍ എംഎല്‍എ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയാണു കേസെടുക്കുക.