കൊവിഡില്‍ പനിയെ മാത്രം ഒരു പ്രധാന രോഗലക്ഷണമായി കാണരുതെന്ന് ഐ.സി.എം.ആര്‍

0
211

ന്യൂദല്‍ഹി: കൊവിഡ് ബാധയില്‍ പനിയെ ഒരു പ്രധാന രോഗലക്ഷണമായി കാണുന്നത് അപകടമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച്. ഇവര്‍ നടത്തിയ പഠനത്തില്‍ കൊവിഡ് രോഗികളില്‍ 17 ശതമാനത്തിനു മാത്രമേ പനി ഒരു രോഗലക്ഷണമായി വന്നിരുന്നുള്ളൂ.

ദല്‍ഹി എയിംസില്‍ 144 രോഗികളില്‍ നടത്തിയ നീരിക്ഷണ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഈ രോഗികളില്‍ 44.4 ശതമാനത്തിന് രോഗലക്ഷണമൊന്നുമില്ല. 34. 7 ശതമാനം പേര്‍ക്ക് ചുമയായിരുന്നു രോഗലക്ഷണം. 17.4 ശതമാനം പേര്‍ക്ക് പനി റിപ്പോര്‍ട്ട് ചെയ്തു.

മറ്റു രാജ്യങ്ങളിലെ രോഗികളെ വെച്ച് നോക്കുമ്പോള്‍ പനിരോഗലക്ഷണമായി വന്ന കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയില്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം ചൈനയില്‍ കൊവിഡ് ബാധയുടെ ആദ്യ ഘട്ടത്തില്‍ 44 ശതമാനം രോഗികള്‍ക്ക് പനി ബാധിച്ചിരുന്നു. 88 ശതമാനത്തിന് ആശുപത്രി ചികിത്സക്കിടെയും പനി ബാധിച്ചിരുന്നു.

‘ പനിയെ ഒരു പ്രധാന ലക്ഷണമായി കണക്കാക്കുന്നത് ആശങ്കാപരമാണ്. കാരണം, ലക്ഷണമില്ലാത്ത രോഗികളിലൂടെ  രോഗവ്യാപനം നടക്കാന്‍ കാരണമാവും,’ ഐ.സി. എം.ആര്‍ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പനി, ചുമ തൊണ്ട വേദന, ശ്വാസോഛാസ വ്യതിയാനങ്ങള്‍, ക്ഷീണം, എന്നിവ മാത്രമാണ് കൊവിഡിന്റെ നേരത്തെ പട്ടികപ്പെടുത്തിയ ലക്ഷണങ്ങള്‍. ഇതിനു ശേഷം ആരോഗ്യ മന്ത്രാലയത്തിന്റെ ക്ലിനിക്കല്‍ പ്രോട്ടോകോളില്‍ നിരവധി രോഗലക്ഷണങ്ങള്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഗന്ധം, രുചി എന്നിവ നഷ്ടപ്പെടല്‍, വയറിളക്കം പേശീ വേദന എന്നിവയും കൊവിഡ് രോഗലക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here