കേരള കോണ്‍ഗ്രസ് സ്വതന്ത്ര നിലപാടുമായി മുന്നോട്ട് പോകുമെന്ന് ജോസ് കെ. മാണി

0
168

കോട്ടയം: മുന്നണിമാറ്റം ഉടനില്ലെന്ന് വ്യക്തമാക്കി ജോസ് കെ. മാണി. നിലവില്‍ സ്വതന്ത്രമായി നിലപാടെടുത്ത് മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നതെന്നും ഉചിതമായ തീരുമാനം പിന്നീടെടുക്കുമെന്നും ജോസ് കെ. മാണി മാധ്യമങ്ങളോട് പറഞ്ഞു.

‘സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകാനാണ് ആഗ്രഹിക്കുന്നത്.  മാണിസാറിന്റെ പ്രസ്ഥാനത്തിനെ ഒരു ലോക്കല്‍ബോഡി പ്രശ്‌നത്തിനുമേല്‍ ഐക്യ ജനാധിപത്യ മുന്നണി പുറത്താക്കിയതിന് ശേഷം ഞങ്ങള്‍ യോഗം കൂടി തീരുമാനമെടുത്തത് സ്വതന്ത്രമായി നില്‍ക്കാനാണ്. ഭാവിയില്‍ ഉചിതമായ തീരുമാനമെടുക്കും,’ ജോസ് കെ. മാണി പറഞ്ഞു.

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എല്‍.ഡി.എഫിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ്
നിലപാടുമായി ജോസ് കെ. മാണി മുന്നോട്ട് വന്നിരിക്കുന്നത്.

ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേക്ക് വരാന്‍ എല്‍.ഡി.എഫ് ക്ഷണിച്ചുവെന്നും മുന്നണി മാറ്റം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ക്കുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത്തരത്തിലൊരു തീരുമാനമില്ലെന്നും സ്റ്റിയറിംഗ് കമ്മിറ്റി വിളിപ്പിക്കുന്നത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അടിയന്തര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാ മുന്നണികളും കേരള കോണ്‍ഗ്രസ് എമ്മിന്റെ കരുത്തുറ്റ അടിത്തറയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്വതന്ത്രമായാണ് നില്‍ക്കുക. സ്റ്റിയറിംഗ് കമ്മിറ്റി ഉടന്‍ കൂടാന്‍ സാധ്യതയുണ്ട്. അത് മുന്നണിമാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനല്ല. സംഘടനാപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ്. പ്രത്യേകിച്ചും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ജനകീയ വിഷയങ്ങളുണ്ടെങ്കില്‍ അത് ഏറ്റെടുക്കാന്‍ വേണ്ടിയുമാണ്,’ ജോസ് കെ മാണി പറഞ്ഞു.

എന്നാല്‍ മുന്നണിമാറ്റവുമായി കോടിയേരി പറഞ്ഞ അഭിപ്രായങ്ങള്‍ വന്നെന്നിരിക്കാമെന്നും അതേസമയം പ്രധാനമായും പഞ്ചായത്ത തെരഞ്ഞെടുപ്പാണ് ഉദ്ദേശിക്കുന്നതെന്നും ജോസ് കെമാണി പറഞ്ഞു.

യു.ഡി.എഫ് ശിഥിലമായി പോകുമോ എന്നതാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലെ ചര്‍ച്ചയെന്നും ജോസ് കെ മാണി പറഞ്ഞു.

ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും സി.പി.ഐയുടെ നേതാവ് കാനം രാജേന്ദ്രന്‍ രാഷ്ട്രീയ അഭിപ്രായം പറഞ്ഞതില്‍ എന്താണ് തെറ്റ്. ആരായാലും ഒരു ജനാധിപത്യ സംവിധാനത്തില്‍ അവരുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാനപരമായി ഏത് തീരുമാനത്തിലും ജനങ്ങളുടെ അഭിപ്രായമാണ് അവസാനവാക്ക്. ആ ജനങ്ങളുടെ അഭിപ്രായമനുസരിച്ചാണ് ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പില്‍ പോലും തങ്ങള്‍ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫില്‍ നിന്ന് ഇനിയും പലരും പുറത്തുവരും. ജോസ് കെ.മാണി വിഭാഗം മുന്നണി വിടുന്നതോടെ യു.ഡി.എഫ് ശിഥിലമാകുമെന്നും കഴിഞ്ഞ ദിവസം കോടിയേരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ജോസ് കെ.മാണിയുടെ നിലപാട് വ്യക്തമായാല്‍ അവരുമായി ചര്‍ച്ച നടത്തും. ഇതുവരെ ചര്‍ച്ചയൊന്നും നടത്തിയിട്ടില്ല. സി.പി.ഐക്ക് അവരുടേതായ നിലപാട് ഉണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക എല്‍.ഡി.എഫാണെന്നും കോടിയേരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here