തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വർധിച്ചു. ഗ്രാമിന് 4,825 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 38,600 രൂപയും.
ജൂലൈ 25 ശനിയാഴ്ച, ഗ്രാമിന് 4,765 രൂപയായിരുന്നു നിരക്ക്. പവന് 38,120 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും റെക്കോർഡ് വർധനയാണ് റിപ്പോർട്ട് ചെയ്തത്. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1, 944 ഡോളറാണ് നിലവിലെ നിരക്ക്.
കൊവിഡ് -19 ആശങ്കകളെ തുടർന്ന് അന്താരാഷ്‌ട്ര സ്വർണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വർണവില ഉയരാനിടയാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളും സ്വർണ നിരക്ക് വർധിക്കാനിടയാക്കി. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 43,000 ത്തോളം രൂപ നൽകേണ്ടി വരും.