ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാനായി എം.എല്‍.എമാരുമായി ടെലഫോണില്‍ ബന്ധപ്പെട്ടെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് സജ്ഞയ് ജെയ്ന്‍ പൊലീസ് കസ്റ്റഡിയില്‍. വിവാദ ഓഡിയോ ടേപ്പ് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
വിഷയത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയും കോണ്‍ഗ്രസ് വിട്ട് പൈലറ്റ് പാളയത്തിലേക്ക് പോയ എം.എല്‍.എമാരായ ബന്‍വര്‍ലാല്‍ ശര്‍മയ്ക്കുമെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വ്യാപകമായി പ്രചരിച്ച ഓഡിയോ ടേപ്പില്‍ ഇവരുടെ സംഭാഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. വിഷയത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രമന്ത്രി തന്നെ ഇത്തരമൊരു കുതിരക്കച്ചവടം നടത്തിയെന്നത് ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും ജനാധിപത്യത്തിലെ കറുത്തദിനമായി ഇത് അടയാളപ്പെടുത്തുമെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല പറഞ്ഞിരുന്നു. കേന്ദ്രമന്ത്രിക്കെതിരെ എത്രയും പെട്ടെന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന് പരാതി നല്‍കിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിവാദ ഓഡിയോ ടേപ്പ് പുറത്തായതിന് പിന്നാലെ എം.എല്‍.എമാരായ വിശ്വേന്ദ്ര സിങ്, ബന്‍വര്‍ലാല്‍ ശര്‍മ എന്നിവരെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഇവരെ പുറത്താക്കിയത്. സര്‍ക്കാരിനെ അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട് ടെലഫോണ്‍ സംഭാഷണം നടത്തിയതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.