കാറുകളില്‍ ഇനി സ്റ്റെപ്പിനി ടയര്‍ വേണ്ട, പുതിയ നിയമം വരുന്നൂ

0
203

മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയ പുതിയ വിജ്ഞാപനവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. പുതുക്കിയ ഭേദഗതികൾ പ്രകാരം ഈ ഒക്ടോബർ മുതൽ നിർമിക്കുന്ന വാഹനങ്ങളിൽ ടയർ റിപ്പയർ കിറ്റും ടയർ പ്രഷർ നിരീക്ഷണ സംവിധാനവും നിര്‍ബന്ധമാക്കും. ഇതു രണ്ടുമുള്ള കാർ ഉള്‍പ്പെടെയുള്ള വാഹനങ്ങളിൽ സ്റ്റെപ്പിനി ടയർ വേണ്ടെന്നും ഭേദഗതി സംബന്ധിച്ച ഈ വിജ്ഞാപനം വ്യക്തമാക്കുന്നു. ഇതിന് പകരമായി ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തണം. ഒക്ടോബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കും. സ്റ്റെപ്പിനി ടയറുകള്‍ക്ക് പകരമായിട്ടാണ് ടയറിലെ ദ്വാരം അടയ്ക്കാവുന്ന സീലന്റ് ഉൾപ്പെടുന്ന ടയർ റിപ്പയർ കിറ്റ് വാഹനത്തിൽ ഉറപ്പാക്കേണ്ടത്.ടയറിലെ എയര്‍ പ്രഷര്‍ സംബന്ധിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതാണ് ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം. ഈ സംവിധാനമുള്ള M1 ശ്രേണിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ല. ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള എല്ലാ പാസഞ്ചര്‍ വാഹനങ്ങളെയും M1 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഈ വാഹനങ്ങള്‍ക്ക് 3.5 ടണ്ണില്‍ കൂടുതല്‍ ഭാരം ഉണ്ടാകരുത്.ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്ന ഭേദഗതികള്‍ക്കൊപ്പമാണ് ടയര്‍ സംരക്ഷണം സംബന്ധിച്ച പുതിയ നിബന്ധനയും വന്നിരിക്കുന്നത്. ഹെല്‍മെറ്റ് സുരക്ഷാ നിയമങ്ങളിലും ഭേദഗതി വരുത്തുമെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഹെല്‍മെറ്റുകള്‍ക്ക് 1.2 കിലോഗ്രാം ഭാരം പരിധി കവിയാന്‍ കഴിയില്ലെന്ന് പ്രസ്‍താവിച്ച 2018ലെ നിലവിലെ നിയമം പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുചക്രവാഹനങ്ങളുടെ സ്റ്റാൻഡുകളും ഫിറ്റിങ്ങുകളും പുറത്തേക്ക് തള്ളി നിൽക്കുന്നതിനും പരിധിയുണ്ടാവും. വാഹനങ്ങളുടെ സ്റ്റാൻഡുകൾക്കും ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേഡ് നിർബന്ധമാക്കി. ക്യാബിനുള്ള ട്രാക്ടർ അടക്കമുള്ള വാഹനങ്ങൾക്കെല്ലാം സേഫ്റ്റി ഗ്ലാസ് വിൻഡ് ഷീൽഡും ഏർപ്പെടുത്തുന്ന ഭേദഗതിയും സര്‍ക്കാര്‍ മുന്നോട്ടു വച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here