റിയാദ് (www.mediavisionnews.in) : സൗദിയിൽ കാണാതായ സ്വദേശിയുടെ മൃതദേഹം മൂന്ന് ദിവസങ്ങൾക്ക് ശേഷം മരുഭൂമിയിൽ കണ്ടെത്തി. റിയാദ് വാദി അൽ ദവാസിർ നിന്നും കഴിഞ്ഞ വ്യാഴാഴ്ച കാണാതായ ദുവൈഹി ഹമൂദ് അൽ അജാലിൻ എന്ന നാൽപ്പതുകാരന്‍റെ മൃതദേഹം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടെത്തിയത്. നിസ്കാരത്തിനിടയില്‍ മുട്ടു കുത്തി തലകുമ്പിട്ട (സുജൂദ്)നിലയിലായിരുന്നു മൃതദേഹം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പിക്കപ്പ് ട്രക്കുമായി പുറപ്പെട്ട ദുവൈഹിയെ ബന്ധപ്പെടാനാകാതെ വന്നതോടെയാണ് കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. ഇതിനെ തുടർന്ന് ദുവൈഹിക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. മണൽപ്പരപ്പിലൂടെയുള്ള തെരച്ചിൽ എളുപ്പമാരക്കാൻ അത്യാധുനിക വാഹന സംവിധാനങ്ങളും ഉപയോഗപ്പെടുത്തിയിരുന്നു.
മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ മരുഭൂമിയ്ക്ക് നടുവിൽ ഇയാളുടെ ട്രക്ക് കണ്ടെത്തി. ഇവിടെ നിന്ന് കുറച്ച് അകലെയായാണ് മൃതദേഹം ലഭിച്ചത്. ട്രക്കിൽ കമ്പുകളും തടിക്കഷണങ്ങളും നിറച്ച നിലയിലായിരുന്നു. വീട്ടിലേക്കുള്ള വിറക് ശേഖരണത്തിനായാണ് ഇയാൾ പുറപ്പെട്ടതെന്നാണ് സൂചന.
ആരാധനയ്ക്കിടെ സുജൂദ് ചെയ്ത നിലയിൽ മരിച്ച ദുവൈഹിയുടെ വാർത്തയും ചിത്രങ്ങളും വൈകാതെ വൈറലായി. നിരവധി ആളുകളാണ് ചിത്രങ്ങൾ പങ്കുവച്ച് പ്രാർഥനയുമായെത്തിയത്.