കോഴിക്കോട് (www.mediavisionnews.in) : ചെലോല്‍ത് റെഡിയാകും ചെലോല്‍ത് റെഡിയാകൂല, റെഡി ആയില്ലെങ്കിലും ഞമ്മക്ക് ഒരു കൊയപ്പല്ല്യാ എന്നാണ് കുഞ്ഞ് ഫായിസ് പറഞ്ഞ് നിര്‍ത്തിയിത്. എന്നാല്‍ ഇത്ര പെട്ടെന്ന് കാര്യങ്ങള്‍ റെഡിയായതിന്റെ സന്തോഷത്തിലാണ് ഇന്ന് ഫായിസ്. ആദ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഫായിസിനെ ഇന്ന് മില്‍മയും ഔപചാരികമായി ഏറ്റെടുത്തു. ഫായിസിന്റെ തകര്‍പ്പന്‍ കൈകാര്യം ചെയ്യല്‍ തങ്ങളുടെ പരസ്യ വാചകമായി ഏറ്റെടുത്ത മില്‍മ റോയല്‍റ്റിയുമായി ഫായിസിന്റെ വീട്ടിലെത്തി.
ഫായിസിന്റെ വാക്കുകള്‍ക്ക് പതിനായിരം രൂപയും 14000 രൂപയുടെ ആന്‍ഡ്രോയ്ഡ് ടിവിയും,ആയിരം രൂപയുടെ മില്‍മ ഉല്‍പ്പന്നവും അടക്കം 25000 രൂപയുടെ പാരിതോഷികം. വൈറലായ വാക്കുകള്‍ മില്‍മ പരസ്യവാചകമാക്കുന്നുവെന്ന് അറിയിച്ചതോടെ തന്നെ അവനെ ഏറ്റെടുത്ത സോഷ്യല്‍ മീഡിയ പ്രതിഫലം നല്‍കണമെന്ന ആവശ്യം മില്‍മയ്ക്ക് മുന്നില്‍ വെച്ചിരുന്നു. തുടര്‍ന്നാണ് വാക്ക് പാലിച്ച് മില്‍മക്കാര്‍ ഇന്ന് ഫായിസിന്റെ വീട്ടിലെത്തിയത്.
സമ്മാനമായി ലഭിച്ച പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന ഫായിസിന്റെ വാക്കുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഫായിസിന്റെ വാക്കുകള്‍ ഉപയോഗിച്ച് മില്‍മ മലബാര്‍ മേഖലാ യൂണിയനാണു ഫെയ്സ്ബുക്കില്‍ പരസ്യം നല്‍കിയത്. ചെലോല്‍ത് ശരിയാവും, ചെലോല്‍ത് ശരിയാവൂല. പക്ഷേ ചായ എല്ലാര്‍തും ശരിയാകും, പാല്‍ മില്‍മ ആണെങ്കില്‍,” എന്നതായിരുന്നു പരസ്യത്തിലെ വാചകം. മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ ഫെയ്സ്ബുക്ക് പേജിലും വാട്സാപ്പ് ഗ്രൂപ്പിലാണു പരസ്യം പ്രത്യക്ഷപ്പെട്ടത്.
കടലാസ് ഉപയോഗിച്ച് പൂവുണ്ടാക്കാന്‍ ശ്രമിക്കുന്നത് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഫായിസ് പറഞ്ഞ വാക്കുകളടങ്ങിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചെലോല്‍ത് റെഡി ആകും, ചെലോല്‍ത് റെഡി ആകൂല. റെഡി ആയില്ലെങ്കിലും മ്മക്ക് ഒരു കൊയപ്പല്യാ,” എന്ന ആത്മവിശ്വാസത്തോടെയുള്ള ഫായിസിന്റെ വാക്കുകളടങ്ങിയ വീഡിയോ ലക്ഷങ്ങളാണു കണ്ടത്.