കനൗജ് (www.mediavisionnews.in): ഉണങ്ങിയ ഉലുവ ഇലയെന്ന് കരുതി അബദ്ധത്തിൽ ഉണങ്ങിയ കഞ്ചാവ് ഇലയെടുത്ത് കറിവച്ച് കഴിച്ച ഒരു കുടുംബത്തിലെ ആറുപേർ ആശുപത്രിയിലായി. ഉത്തർപ്രദേശിലെ കനൗജിലുളള മിയാഗഞ്ജിലാണ് സംഭവം. ഉലുവക്ക് പകരം തെറ്റിദ്ധരിച്ച് കഞ്ചാവ് ഉണക്കിയ ഭാംഗ് ഉപയോഗിച്ചതാണ് കുഴപ്പമായതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ കുടുംബാംഗങ്ങളുടെ അയൽവാസിയായ നവൽ കിഷോർ ഇവർക്ക് ഉണക്കിയ ഉലുവ ഇലയെന്ന് കരുതി ഭാംഗ് നൽകി. ഇവർ കറിവച്ച് ഭക്ഷിക്കുന്നതിനിടെ എല്ലാവരും കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സംഭവമറിഞ്ഞ അയൽക്കാർ ഇവരെ അടുത്തുളള ജില്ലാ ആശുപത്രിയിലാക്കി. ചികിത്സയിലുളള ഇവരെല്ലാവരും അപകടനില തരണംചെയ്തെന്ന് പൊലീസ് അറിയിച്ചു. അവശേഷിച്ച ഭാംഗ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.