ന്യൂഡല്‍ഹി∙ കാനറ ബാങ്ക് ഉള്‍പ്പെടെ ആറു ബാങ്കുകളില്‍നിന്ന് 350 കോടി രൂപയുടെ വെട്ടിപ്പു നടത്തി ഒരു വ്യവസായി കൂടി രാജ്യം വിട്ടു. പഞ്ചാബ് ബസുമതി റൈസ് ഡയറക്ടര്‍ മന്‍ജീത് സിങ് മഖാനിയാണ് കോടികള്‍ തട്ടിച്ചു കടന്നത്. മന്‍ജീത് ഇപ്പോള്‍ കാനഡയിലുണ്ടെന്നാണു സൂചന. കാനറ ബാങ്കിന്റെ നേതൃത്വത്തിലുള്ള ആറു ബാങ്കുകളുടെ കൂട്ടായ്മയില്‍നിന്നാണ് മന്‍ജീത് വായ്പയെടുത്തത്. ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ മന്‍ജീതിനും മകന്‍ കുല്‍വിന്ദര്‍ സിങ് മഖാനിക്കും മരുമകള്‍ ജസ്മീത് കൗറിനും എതിരെ കേസെടുത്തു.
കാനറാ ബാങ്കിന് 175 കോടി, ആന്ധ്രാബാങ്കിന് 53 കോടി, യുബിഐക്ക് 44 കോടി, ഒബിസിക്ക് 25 കോടി, ഐഡിബിഐക്ക് 14 കോടി, യുസിഒ ബാങ്കിന് 41 കോടി എന്നിങ്ങനെയാണു മന്‍ജീത് നല്‍കാനുള്ളത്. 2003 മുതല്‍ മന്‍ജീതിന്റെ കമ്പനി കാനറാ ബാങ്കില്‍നിന്നു വായ്പയെടുക്കുന്നുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് 2018-ല്‍ മുഴുവന്‍ തുകയും ബാങ്കുകള്‍ നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ബാങ്ക്തല അന്വേഷണത്തിനു ശേഷം വിവരം റിസര്‍വ് ബാങ്കിനെ അറിയിച്ചത്. സിബിഐക്കു പരാതി നല്‍കാന്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചു. ഈ വര്‍ഷം ജൂണിലാണു പരാതി നല്‍കിയത്. എന്നാല്‍ പരാതി കൊടുക്കുന്നതിന് ഏറെ മുന്‍പു തന്നെ മന്‍ജീത് കാനഡയിലേക്കു കടന്നെന്നാണു അറിയുന്നത്. 2018 ആദ്യം മന്‍ജീതും കുടുംബവും രാജ്യം വിട്ടുവെന്നാണ് സൂചന. ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുണ്ട്.