തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ പോസിറ്റീവ് ആകുന്നവരുടെ റൂട്ട്മാപ് തയാറാക്കുന്നത് അവസാനിപ്പിച്ച് ജില്ലാ ഭരണകൂടങ്ങൾ. റൂട്ട് മാപ് കൊണ്ട് സമൂഹ വ്യാപനത്തിന് സമാനമായ സാഹചര്യത്തിൽ കാര്യമായ പ്രയോജനമില്ലെന്നു വ്യക്തമായതിനെ തുടർന്നാണ് തീരുമാനം.
വ്യക്തികളുടെ സമ്പർക്കപ്പട്ടികക്കുപകരം പ്രദേശത്തിന്റെ കോവിഡ് മാപ്പിങ് നടത്താനാണ് തീരുമാനം. സമ്പർക്കപ്പകർച്ചയുടെ സ്വഭാവം അടിസ്ഥാനപ്പെടുത്തിയാകും മാപ് തയാറാക്കുക.
ഇതര ദേശങ്ങളിൽനിന്ന് മടങ്ങിയെത്തിയവർ വഴിയുള്ള രോഗപ്പകർച്ച, പ്രാദേശിക സമ്പർക്കം, ഉറവിടമറിയാത്ത കേസുകൾ എന്നിങ്ങനെ വിശദാംശങ്ങളടക്കം ഇതിലുണ്ടാകും.
ഓരോന്നിനും വെവ്വേറെ നിറം നൽകിയാണ് മാപ്പിങ്. 28 ദിവസത്തിനിടെ ഇതരനാടുകളിൽനിന്ന് മടങ്ങിയെത്തിയവരിലെ രോഗബാധിതരെ നീല നിറം കൊണ്ട് അടയാളപ്പെടുത്തും. ഇവരിൽ നിന്നുള്ളവയടക്കം സമ്പർക്കപ്പകർച്ചക്ക് മഞ്ഞയും ഉറവിടമറിയാത്തവർക്ക് ചുവപ്പും നിറം നൽകി അടയാളപ്പെടുത്തും.
ആരോഗ്യപ്രവർത്തകരിലെ കോവിഡ് ബാധക്ക് പച്ച നിറമാണ് നൽകുന്നത്. രോഗിയുടെ വിവരങ്ങൾ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലാണ് മാപ്പിൽ വിന്യസിക്കുന്നത്.
പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്ത് ആദ്യമായി കോവിഡ് സമ്പർക്കപ്പട്ടിക തയാറാക്കിയതും ഇതനുസരിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതും.