മധ്യപ്രദേശിലെ ഹോഷിഗബാദിൽ നടന്ന ഒരു അപകടത്തിന്റെ ദൃശ്യമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. അത്യാവശ്യം തിരക്കുള്ള ഒരു ജംഗ്ഷനിൽ എതിർദിശയിൽ വരുന്ന സ്കൂട്ടറിലേക്ക് അമിത വേഗത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. സ്കൂട്ടർ യാത്രികനും മുന്നില്‍ നിന്നിരുന്ന ഒരു ചെറിയ പെൺകുട്ടിയുമാണ് അപകടത്തില്‍പ്പെട്ടത്. ഭാഗ്യത്തിന് ഇവർ രക്ഷപ്പെട്ടു. പക്ഷേ ഇടിച്ചു തെറിപ്പിച്ചിട്ടും കാർ നിർത്താതെ പോയി.
സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ യാത്രക്കാരൻ ഉടൻ തന്നെ എഴുന്നേറ്റ് കാറിന് പിന്നാലെ ഓടി. എന്നാൽ എത്തിപ്പെടാനാകില്ലെന്ന് ഉറപ്പിച്ച് തിരികെ എത്തി മറ്റൊരു ബൈക്കെടുത്ത് കാർ പോയ വഴിക്ക് പോകുന്നതും വിഡിയോയിൽ കാണാം. ഈ സമയം കൊണ്ട് അവിടെ ഉണ്ടായിരുന്നവർ എത്തി സ്കൂട്ടറിൽ നിന്നും വീണ പെൺകുട്ടിയെ ആശ്വസിപ്പിക്കുന്നുണ്ട്.
വിഡിയോ കണ്ട എല്ലാവരും കാറോടിച്ചയാളെയാണ് പഴിക്കുന്നത്. ചെറിയ കുട്ടി ഉള്ളതു പോലും വകവെയ്ക്കാതെ അയാൾ പോയതാണ് രോഷം കൂട്ടുന്നത്. ഇയാൾക്ക് ആരാണ് ലൈസൻസ് നൽകിയതെന്നാണ് പലരും ചോദിക്കുന്നത്.