കാസർകോട് ∙ രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആദ്യദിനങ്ങളിൽ തന്നെ നടത്തുന്ന, ആന്റിജൻ പരിശോധന ഫലം നെഗറ്റീവ് ആകാൻ സാധ്യതയുണ്ട്. രോഗാണു ശരീരത്തിൽ പ്രവേശിച്ച് അഞ്ചാം ദിനം മുതലാണ് സ്രവം എടുക്കുന്നതെങ്കിൽ ഫലം കൃത്യമാകും. ആന്റിജൻ ടെസ്റ്റ് നടത്തി പരിശോധനാ ഫലം നെഗറ്റീവാകുന്ന ചില കേസുകളിൽ ആർടി പി സിആർ ടെസ്റ്റ് നടത്താൻ നിർദേശിക്കാറുണ്ട്. ആന്റിജൻ പരിശോധന ഫലം നെഗറ്റീവായാലും 14 ദിവസവും ഹോം ക്വാറന്റീൻ കഴിയാനാണ് നിർദേശം . ഹോം ക്വാറന്റീൻ കഴിയുന്ന വേളയിൽ രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ, ആർടിപിസിആർ ടെസ്റ്റിന് വിധേയമാകണം.
കോവിഡ് 19: ജില്ലയിൽ ഇതുവരെ നടത്തിയത് 27387 പരിശോധനകൾ
കോവിഡ് രോഗ നിർണയത്തിനായി ജില്ലയിൽ ഇതുവരെ നടത്തിയത് 5748 ആന്റിജൻ ഉൾപ്പെടെ 27387 പരിശോധനകൾ. 21639 ആർടിപിസിആർ (സ്രവം) പരിശോധനകൾ നടത്തി. ജൂലൈ 23 മുതൽ 26 വരെ മാത്രം നടത്തിയത് 1740 ആർടിപിസിആറും 2658 ആന്റിജൻ ടെസ്റ്റുകളുമാണ്. കോവിഡ് രോഗനിർണയം എളുപ്പത്തിൽ സാധ്യമാക്കുന്ന പരിശോധന മാർഗമാണിത്. ആർടിപിസിആർ ടെസ്റ്റ് നടത്തിയാൽ ഫലം ലഭിക്കാൻ ഒരു ദിവസം വേണം. എന്നാൽ ആന്റിജൻ പരിശോധന ഫലം അര മണിക്കൂറിനുള്ളിൽ ലഭിക്കും.
രോഗികളെ വേഗത്തിൽ കണ്ടെത്തുന്നതിനും ചികിത്സ നൽകുന്നതിനും സഹായിക്കുന്നതാണ് ഈ പരിശോധനകൾ. റാപ്പിഡ് ടെസ്റ്റ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. സ്രവം എടുത്ത് അരമണിക്കൂറിനുള്ളിൽ ഫലം അറിയുന്നതുകൊണ്ട്,രോഗം സ്ഥിരീകരിക്കുന്ന പക്ഷം എത്രയും പെട്ടെന്ന് രോഗിയെ കോവിഡ് ചികിത്സാലയങ്ങളിലേക്ക് മാറ്റാൻ കഴിയും. ഇത് ആ രോഗിയിൽ നിന്നു കൂടുതൽ പേരിലേക്ക് രോഗം പകരാനുള്ള സാഹചര്യം ഒഴിവാക്കുന്നു.
ദിവസവും 400 പരിശോധനകൾ
ദിനംപ്രതി ശരാശരി 400 ആന്റിജൻ ടെസ്റ്റുകൾ നടത്തുന്നതായി ടെസ്റ്റുകളുടെ ചുമതല വഹിക്കുന്ന ഡോ. കെ.ജോൺ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങൾ വഴിയും 2 മൊബൈൽ യൂണിറ്റുകൾ വഴിയും പ്രത്യേക ക്യാംപുകൾ വഴിയുമാണ് പ്രാഥമിക സമ്പർക്കത്തിൽപ്പെട്ടവർ, ക്ലസ്റ്ററുകളിൽ ഉള്ളവർ, പൊതുജനങ്ങളുമായി നേരിട്ട് ഇടപെഴകുന്ന ജോലികളിൽ ഏർപ്പെടുന്നവർ എന്നിവരുടെ സ്രവം ശേഖരിക്കുന്നത്.
കാഞ്ഞങ്ങാട് ജില്ലാആശുപത്രി,കാസർകോട് ജനറൽ ആശുപത്രി,താലൂക്ക് ആശുപത്രികളായ തൃക്കരിപ്പൂർ,നീ്‌ലേശ്വരം,പനത്തടി,മംഗൽപ്പാടി എന്നിവിടങ്ങളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളായ ചെറുവത്തൂർ, പെരിയ, കുമ്പള,മഞ്ചേശ്വരം,ബദിയടുക്ക എന്നിവിടങ്ങളിലും ഉദുമ എഫ്എച്ച്സിയിലും ആന്റിജൻ പരിശോധനകൾ നടത്തുന്നു.