അപൂര്‍വ്വതകള്‍ നിറഞ്ഞ ഹജ്ജില്‍ ചരിത്രത്തിന്റെ ഭാഗമായി രണ്ടു മലയാളികളും

0
248

മക്ക: കൊവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന അപൂര്‍വ്വതകള്‍ നിറഞ്ഞ ഇത്തവണത്തെ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ ചരിത്രത്തിന്റെ ഭാഗമായി രണ്ടു മലയാളികളും. മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി മുസ്ലിയാരകത്ത് അബ്ദുല്‍ ഹസീബും കോഴിക്കോട് കുറ്റ്യാടി സ്വദേശി ഹർഷദുമാണ് ഹജ്ജിന് അനുമതി ലഭിച്ച സംഘത്തിലുള്‍പ്പെട്ട മലയാളികൾ. അവസാന നിമിഷമാണ് ഹസീബിന് തെരഞ്ഞെടുക്കപ്പെട്ട ഹജ്ജ് സംഘത്തില്‍ ഇടം ലഭിച്ചത്.

12 വര്‍ഷമായി സഊദിയില്‍ ജോലി ചെയ്യുന്ന ഹസീബ് ഇതുവരെ ഹജ്ജ് നിര്‍വ്വഹിച്ചിട്ടില്ല. ജിദ്ദയിലെ പിഎംഎ സിബിഎം ഷിപ്പിങ് കമ്പനിയില്‍ അക്കൗണ്ടന്‍റാണ് 36കാരനായ ഇദ്ദേഹം. കൂടെ ജോലി ചെയ്യുന്ന സുഹൃത്താണ് ഹസീബിന് ഹജ്ജിന ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സഹായിച്ചത്.തെരഞ്ഞെടുക്കപ്പെട്ടവരിലേറെ പേരും മക്കയിലെത്തി എന്നറിഞ്ഞ സാഹചര്യത്തിൽ ഒരു പ്രതീക്ഷയും പുലർത്താതെ ഇരിക്കുമ്പോഴാണ് തിങ്കളാഴ്ച ഹജ് മന്ത്രാലയത്തിൽനിന്നും വിളി വന്നത്. എത്രയും വേഗം ജിദ്ദ വിമാനത്താവളത്തിലെത്തി മറ്റ് ഹജ് സംഘാംഗങ്ങളോടൊപ്പം ചേരാനായിരുന്നു നിർദേശം. അതുപ്രകാരം എത്തുകയും സംഘത്തിൽ ചേരുകയുമായിരുന്നുവെന്ന് ഹസീബ് പറഞ്ഞു.

വെയിറ്റിംഗ് ലിസ്റ്റിലായിരുന്ന ഹസീബിന് നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നവരിൽ ആരോ വരാതിരുന്നതിനാലാണ് നറുക്കു വീണത്. മിനായിൽ അബ്‌റാജ് മിന കെട്ടിട സമുച്ചയത്തിലാണ് താമസിക്കുന്നത്. ഹാളിന്റെ വലിപ്പമുള്ള ഹസീബ് താമസിക്കുന്ന മുറിയിൽ നാലു പേരാണുള്ളത്. മറ്റു മൂന്നു പേരും സ്വദേശികളാണ്. ഓരോ മുറികളിലുള്ളവർക്ക് മറ്റു മുറികളിൽ പ്രവേശിക്കുന്നതിനോ ഇടപഴകുന്നതിനോ അനുവാദമില്ല. അതാതു മുറികളിൽ സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് നമസ്‌കാരം നിർവഹിക്കേണ്ടത്. പാക്കറ്റുകളിലാക്കിയ ഭക്ഷണവും സംസം വെള്ളവുമെല്ലാം സമയാസമയങ്ങളിൽ താമസിക്കുന്നിടത്തത് എത്തിച്ചു നൽകുന്നുണ്ട്.
സോഷ്യൽ മീഡിയകളിലൂടെ ഹജ്ജ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്ത അറിഞ്ഞതിനെത്തുടർന്നായിരുന്നു ഹർഷദ് ഹജ്ജിനായി അപേക്ഷിച്ചത്.

ഈ ഭാഗ്യം നൽകി അനുഗ്രഹിച്ച അല്ലാഹുവിനെ സ്തുതിച്ച ഹർഷദ് സൗദി സർക്കാരിൻ്റെ സേവനത്തിനെ എത്ര പ്രകീർത്തിച്ചാലും മതി വരില്ലെന്നു പറഞ്ഞു. സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹാജിമാരെ സഊദിയ വിമാനം ചാർട്ട് ചെയ്ത് കൊണ്ട് തികച്ചും സൗജന്യമായാണു ജിദ്ദയിലേക്ക് എത്തിച്ചതെന്ന് ഹർഷദ് പറയുന്നു.
കഴിഞ്ഞ 12 വർഷമായി സഊദിയിലുള്ള ഹർഷദ് റിയാദ് എയർപോർട്ടിൽ തുർകിഷ് എയർലൈൻസിലാണു ജോലി ചെയ്യുന്നത്. ഇന്ത്യൻ ജനതയെയും അതോടൊപ്പം മലയാളികളെയും പ്രതിനിധീകരിച്ച് ഹജ്ജ് ചെയ്യാൻ ഭാഗ്യം ലഭിച്ച വളരെ ചുരുക്കം ഹാജിമാരിൽ ഒരാളായ ഹർഷദ് അറഫാ സഗമ ഭൂമിയിലാണിപ്പോൾ ഉള്ളത്.

നിശ്ചിത ബസിൽ നിശ്ചിത സീറ്റുകളാണ് ഓരോ ഹാജിമാർക്കും നിശ്ചയിച്ചിട്ടുള്ളത്. 20 പേരടങ്ങുന്ന സംഘാംഗങ്ങളായി തിരിച്ചാണ് യാത്ര.  പരസ്പരം കാണുന്നതിനും ആശയവിനിമയം നടത്തുന്നതിനും അനുവാദമില്ലാത്തതിനാൽ മറ്റു മലയാളികൾ ആരെങ്കിലും ഉണ്ടോ എന്നറിയില്ലെന്ന് ഹസീബ് പറഞ്ഞു. ഹജ് പൂർണമായും സൗജന്യമാണെന്ന് അദ്ദേഹം പറഞ്ഞു. അത്യപൂർവമായി ലഭിച്ച സൗഭാഗ്യത്തിന്റെ ത്രില്ലിലും പ്രാർഥനയിലുമാണ് ഹസീബ്. നാട്ടിലുള്ള ഭാര്യ ഇസ്രത്ത് പർവീനും കൊച്ചു മക്കളായ അയ്‌റയും ഐസിനും ഹസീബിനെ പോലെ ഏറെ സന്തോഷത്തിലാണ്.
അതേ സമയം ഇത്തവണ ഹജ്ജിനു ഭാഗ്യം ലഭിച്ചത് 1000 പേർക്ക് മാത്രമാണ്. നേരത്തെ 10,000 ത്തോളം പേർക്ക് പരമാവധി അനുവാദമുണ്ടാകുമെന്നായിരുന്നു അധികൃതരുടെ ഭാഗത്ത് നിന്നുള്ള അറിയിപ്പെങ്കിലും ആരോഗ്യ മുൻകരുതലിൻ്റെ ഭാഗമായി പിന്നീടത് 1000 ത്തിലേക്ക് ചുരുക്കുകയായിരുന്നു.ഈ വർഷത്തെ ഹജ്ജിനായി തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യം ചെയ്ത 1000 പേരിൽ 160 രാജ്യങ്ങളിൽ നിന്നുള്ള 700 വിദേശികളും 300 സഊദി പൗരന്മാരുമാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here