ശസ്ത്രക്രിയക്ക് അത്യപൂർവ ബ്ലഡ് ഗ്രൂപ്പ് കാത്തിരുന്ന അഞ്ചു വയസുകാരിക്ക് രക്തദാതാവിനെ കണ്ടെത്തി

0
150

ശസ്ത്രക്രിയക്ക് അത്യപൂർവ ബ്ലഡ് ഗ്രൂപ്പ് കാത്തിരുന്ന അഞ്ചു വയസുകാരി അനുഷ്‌ക മോൾക്ക് രക്തദാതാവിനെ കണ്ടെത്തി. മഹാരാഷട്രയിൽ നിന്നാണ് രക്തദാതാവിനെ കണ്ടെത്തിയത്. രക്തം അമൃത ആശുപത്രിയിൽ എത്തിച്ചു.

രക്തദാതാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ബോംബെ ആശുപത്രിയിൽ എത്തി ഇദ്ദേഹം രക്തം നൽകുകയായിരുന്നു. ഇത് പിന്നീട് വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിലും അവിടെ നിന്ന് അമൃത ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുഞ്ഞിന്റെ ശസ്ത്രക്രിയ ഉടൻ തന്നെ നടത്തും. പിപി അഥവാ ‘പി നൾ’ ഫെനോടൈപ്പ് രക്ത ഗ്രൂപ്പാണ് കുഞ്ഞിന് ആവശ്യമായിട്ടുള്ളത്.

കഴിഞ്ഞ വർഷം കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണതിനെ തുടർന്ന് കുഞ്ഞിന്റെ തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. ഇതേ തുടർന്നാണ് ശസ്ത്രക്രിയക്ക് നിർദേശിച്ചത്. കഴിഞ്ഞ ദിവസം ആദ്യഘട്ടമായി ചെറിയ ശസ്ത്രക്രിയ നടത്തിയിരുന്നു. പ്ലാസ്റ്റിക് സർജറിയാണ് നടത്തിയത്. തലയോട്ടിയുടെ ഭാഗങ്ങൾ ചേർക്കുക എന്നുള്ളതാണ് അടുത്തഘട്ടം. അതിനായാണ് രക്തം ആവശ്യമായിട്ടുള്ളത്.

ഇന്ത്യയിൽ ഇതുവരെ രണ്ട് പേർക്ക് മാത്രമാണ് ഈ രക്ത ഗ്രൂപ്പ് കണ്ടെത്തിയിട്ടുള്ളത്. അതിൽ ഒരാൾ 2018 ൽ മണിപ്പാൽ കസ്തൂർബാ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ ആളാണ്. അനുഷ്‌കയ്ക്കായി ഇദ്ദേഹത്തിന്റെ രക്തത്തിനായുള്ള സാധ്യതകൾ പരിശോധിച്ചെങ്കിലും എബിഒ ചേർച്ചയില്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ നേതൃത്വത്തിലാണ് അനുഷ്‌കയ്ക്ക് രക്തം കണ്ടെത്താനുള്ള ശ്രമം നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here