ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന മംഗല്‍പ്പാടി, മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പരിസരങ്ങളിലെ ചില വ്യാപാര സ്ഥാപനങ്ങളെ ജൂലൈ 8 മുതല്‍ അടച്ചിടാന്‍ മഞ്ചേശ്വരം പോലീസിന്റെ അനൗൺസ്‌മെന്റ് ഉണ്ടാവുകയും അതിന്റെ അടിസ്ഥാനത്തില്‍ കോവിഡ് 19 കേരളത്തിലെ മറ്റു പല പ്രദേശങ്ങളിലെയും തോത് പോലെ വര്‍ദ്ധനവ് ഇല്ലെങ്കിലും ആശങ്കപ്പെടുത്തുന്ന രീതിയിലുള്ള വര്‍ദ്ധനവ് പരിഗണിച്ചു കൊണ്ടു അടച്ചിടാന്‍ പോലീസ് നിര്‍ദ്ദേശിക്കുമ്പോള്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടാന്‍ പോലീസ് നിർദ്ദേശിക്കുകയുണ്ടായി. ആ സമയത്തും വ്യാപാരികളുടെ ചോദ്യമായിരുന്നു ചില വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നു ചിലത് അടക്കുന്നു എന്നുള്ള വിവേചനം അവസാനിപ്പിക്കനമെന്നുള്ള ആവശ്യമായിരുന്നു അവര്‍ നിരന്തരം മുമ്പോട്ടു വെച്ച കാര്യം. എല്ലാവര്‍ക്കുമറിയാം ലോക്ക്ഡൗൺ പ്രക്യാപിച്ചതിനു മുമ്പും അതിനു ശേഷവും വളരെ കൃത്യമായി ഈ മഹാമാരിക്ക് എതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായകമായ പങ്കാളിത്തവും നേതൃത്വവും വഹിച്ച വ്യാപാര സ്ഥാപനങ്ങളാണ് ഈ മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ മേഖലയിലുള്ളത്. കൂടാതെ അവര്‍ക്ക് വരുമാനമില്ലാത്ത സമയത്ത് പോലും കമ്മ്യൂണിറ്റി കിച്ചനുമായും സേവന പ്രവര്‍ത്തനങ്ങളുമായും പോലീസിനെയും ആരോഗ്യ പ്രവര്‍ത്തകരെയും സഹായിച്ചത് പോലീസ് വരെ അഭിനന്ദിച്ച കാര്യമാണ്. ആ വ്യാപാരികളോട് ജൂലൈ എട്ടാം തിയതി മുതല്‍ പെട്ടന്ന് ജില്ലയില്‍ മറ്റൊരിടത്തും കാണാത്ത രീതിയില്‍ കണ്ടൈന്‍മെന്റ് സോണ്‍ അല്ലാതിരിന്നിട്ടു കൂടി അടച്ചിടാന്‍ പറഞ്ഞപ്പോള്‍ വല്ലാത്ത പ്രയാസവും സങ്കടവുമാണ് വ്യാപാരികള്‍ അനുഭവിച്ചത്.
മഞ്ചേശ്വരം എംഎല്‍എ എം.സി ഖമറുദീന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി ജില്ലാ ഭരണകൂടവുമായി സംസാരിച്ചു രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുറപ്പിക്കാന്‍ സാധിച്ചു എന്നുള്ളത് ഒരു യാഥാര്‍ഥ്യമാണ്. അതിനു ശേഷം ഇന്ന് രാവിലെ മുതല്‍ ഏറ്റവും പ്രധാനപ്പെട്ട രണ്ടു ടൗണുകളായ ഉപ്പളയിലെയും ഹോസങ്കടിയിലെയും വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടണമെന്ന് പോലീസ് അനൗൺസ്‌മെന്റ് ചെയ്തു പോകുന്ന കാഴ്ച്ച കാണുന്നുണ്ട്. ഹോട്ടല്‍ പോലുള്ള വ്യാപാര സ്ഥാപനങ്ങളില്‍ ഉച്ചയ്ക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കി നില്‍ക്കുമ്പോള്‍ അടച്ചിടണമെന്നു പറയുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഭീമമാണ്. ഇപ്പോള്‍ തന്നെ കെട്ടിട വാടക കൊടുക്കാതെയും തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാതെയും ഉപജീവനം നടത്തിക്കൊണ്ടു പോകാന്‍ തന്നെ കഷ്ടപ്പെടുന്ന ഹോട്ടല്‍ പോലുള്ള സ്ഥാപനമുടമകള്‍ക്ക് ഉള്ള ഒരു വയറ്റത്തടിയാണ് പോലീസിന്റെ ഈ നിര്‍ദേശം.
കോവിട് കേസുകള്‍ കൂടുന്നത് ജനങ്ങളുടെ ജാഗ്രത കുറവ് മൂലം തന്നെയാണ് എന്നത് ഒരു യാതാര്‍ത്ഥ്യമാണ്. പക്ഷെ വ്യാപാരികള്‍ മാത്രമാണ് കൊറോണ പരത്തുന്നതിനു ഉത്തരവാദികള്‍ എന്ന രീതിയിലെ ഒരു ചര്‍ച്ചയാണ് വ്യാപാരികള്‍ക്ക് ഇടയില്‍ പൊതുവേ ഉയര്‍ന്നു വരുന്നത്. ഈ സന്ദര്‍ഭത്തില്‍ കടകള്‍ അടപ്പിക്കുന്നതു മൂലം കൊറോണ വര്ധനവിനൊപ്പം ദാരിദ്ര്യവും പട്ടിണിയും മൂലം ആളുകള്‍ മരിച്ചു പോകുന്ന ഒരു സ്ഥിതിവിശേഷവും കൂടി ബന്ധപ്പെട്ടവര്‍ കണക്കിലെടുക്കേണ്ട കാര്യമാണ്. കോവിഡ് 19 നു എതിരെയുള്ള പോരാട്ടത്തില്‍ സര്‍ക്കാര്‍, പഞ്ചായത്തുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരോടൊപ്പം ഇവിടുത്തെ വ്യാപാരികള്‍ തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. ഒരു കൂട്ടം കടകള്‍ മാത്രം അടപ്പിക്കുന്ന പ്രവണത ശരിയല്ല എന്ന് മാത്രമാണ് വ്യാപാരികള്‍ അഭിപ്രായപ്പെടുന്നത്. കോവിഡ് 19 ന്റെ പ്രോട്ടോക്കോള്‍ എല്ലാം പാലിച്ചു കൊണ്ട് കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവരാണ് വ്യാപാരികള്‍, പെട്ടന്നുള്ള കടയടപ്പിക്കലിനു ആരാണ് ഉത്തരവിട്ടത് എന്ന് ജില്ലാ ഭരണാധികാരികള്‍ക്ക് പോലും അറിയാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ മഞ്ചേശ്വരം പോലീസ് ഈ നീക്കത്തില്‍ നിന്നും പിന്മാറണം എന്നും ഈ പ്രതിസന്ധി ഘട്ടത്തില്‍ കുമ്പളയിലും കാസര്‍കോടും ഇല്ലാത്ത വിധത്തിലുള്ള അടച്ചിടല്‍ നടപ്പിലാക്കുന്നത് അപലപനീയമാണെന്നും പ്രതിഷേധപരമാണെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എകെഎം അഷ്‌റഫ് കൂട്ടിച്ചേര്‍ത്തു. കൂടാതെ പോലീസിന്റെ ഈ നീക്കം മൂലം വ്യാപാരികള്‍ രോക്ഷം പൂണ്ടാല്‍ അതൊരു പക്ഷെ പ്രതിഷേധത്തിലേക്കും നീങ്ങുകയും ഇത്രയും കാലം കൊറോണയെ തടയാന്‍ ചെയ്ത് കാര്യങ്ങള്‍ക്ക് വിലങ്ങു തടിയാവുകയും ചെയ്യാന്‍ സാധ്യതയുണ്ടെന്നും എകെഎം ആശങ്കപ്പെട്ടു.