വൈദ്യുതി മുടക്കം പതിവ്; ബില്‍ പിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ തൂണില്‍ കെട്ടിയിട്ട് ഗ്രാമവാസികള്‍

0
182

ഹൈദരാബാദ്: വൈദ്യുതി മുടക്കവും ഉയര്‍ന്ന ബില്ലും പതിവുകഥയായതോടെ വൈദ്യുത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ചെറിയൊരു ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി ഗ്രാമവാസികള്‍.

വൈദ്യുതി ബില്‍ പിരിക്കാനെത്തിയ ജീവനക്കാരെ ഗ്രാമവാസികള്‍ ചേര്‍ന്ന് തൂണില്‍ കെട്ടിയിട്ടു. തെലങ്കാനയിലെ മേദക് ജില്ലയിലെ അല്ലദുര്‍ഗില്‍  ശനിയാഴ്ചയാണ് സംഭവമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഇടയ്ക്കിടെ വൈദ്യുതി തടസം നേരിടുന്നതിനാല്‍ കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാകുന്നില്ലെന്നും തങ്ങളുടെ പരാതികള്‍ക്ക് പ്രതികരണം ലഭിക്കുന്നില്ലെന്നും ഗ്രാമവാസികള്‍ പറയുന്നു.

ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എത്തി തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് കേള്‍ക്കുകയും പരിഹരിക്കുകയും ചെയ്താലേ ജീവനക്കാരെ മോചിപ്പിക്കൂ എന്നായിരുന്നു ഗ്രാമവാസികളുടെ നിലപാട്. തുടര്‍ന്ന് ബില്‍ കളക്ടര്‍മാരില്‍ ഒരാള്‍ ലൈന്‍മാനെ വിവരം അറിയിച്ചു. അദ്ദേഹം സ്ഥലത്തെത്തിയിട്ടും ഗ്രാമവാസികള്‍ വഴങ്ങിയില്ല.

തുടര്‍ന്ന് ട്രാന്‍സ്‌കോ(ട്രാന്‍സ്മിഷന്‍ കോര്‍പറേഷന്‍ ഓഫ് തെലങ്കാന ലിമിറ്റഡ്)യിലെ അസിസ്റ്റന്റ് എന്‍ജിനീയറും പോലീസും സ്ഥലത്തെത്തി ഗ്രാമവാസികളോട് സംസാരിച്ചു. എത്രയും വേഗം പരാതികള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പു നല്‍കിയതിനും പിന്നാലെയാണ് ജീവനക്കാരെ സ്വതന്ത്രരാക്കാന്‍ ഗ്രാമവാസികള്‍ സമ്മതിച്ചത്.

അതേസമയം ഗ്രാമവാസികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് വൈദ്യുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗ്രാമവാസികള്‍ ജീവനക്കാരെ മര്‍ദിച്ചതായും ഉന്നതോദ്യോഗസ്ഥര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here