രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 30,601 പേർ. 24 മണിക്കൂറിനിടെ 49,310 പോസിറ്റീവ് കേസുകളും 740 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,287,945 ആയി. ചികിത്സയിലുള്ളവരുടെ എണ്ണം 440,135 ആണ്.
പ്രതിദിന കൊവിഡ് കേസുകളിൽ റെക്കോർഡ് വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 49000 കടന്ന് പ്രതിദിന കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ കണക്ക് അരലക്ഷത്തിനടുത്ത് വരെ എത്തി നിൽക്കുന്നത് രാജ്യത്തിന് നൽകുന്ന ആശങ്ക ചെറുതല്ല.
മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്ന് മാത്രം 31,831 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. 9895 കേസുകളാണ് മഹാരാഷ്ട്രയിൽ പുതുതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആന്ധ്രാ പ്രദേശിൽ 7998 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 6472 കേസുകളാണ് തമിഴ്‌നാട്ടിൽ സ്ഥിരീകരിച്ചിരിക്കുന്നത്. കർണാടകയിൽ അയ്യായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ബംഗളൂരുവിൽ നിന്ന് മാത്രം രണ്ടായിരത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പശ്ചിമ ബംഗാളിൽ 2496 പേർക്കും പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.
അതേസമയം, രോഗമുക്തി നിരക്ക് 63.45 ശതമാനമായി ഉയർന്നത് ചെറിയ ആശ്വാസം നൽകുന്നുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 8,17,208 ആയി.