കുമ്പള: (www.mediavisionnews.in) കുമ്പള തീരദേശ സ്റ്റേഷനിലെ എസ്ഐക്കും കുമ്പള പോലീസ് സ്റ്റേഷനിലെ എഎസ്ഐക്കും കൊവിഡ് സ്ഥിരീകരിച്ചു. എസ്ഐ പിലിക്കോട് സ്വദേശിയും എഎസ്ഐ പയ്യന്നൂര്‍ സ്വദേശിയുമാണ്. കുമ്പള സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസുദ്യോഗസ്ഥന് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടത്തെ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ 20 പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു.
നിരീക്ഷണപ്പട്ടികയിലുള്‍പ്പെട്ടയാളാണ് എഎസ്ഐ. തീരദേശ പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് രോഗം സ്ഥിരീകരിച്ചതോടെ ഈ സ്റ്റേഷന്‍ ഇപ്പോള്‍ ഭാഗീകമായാണ് പ്രവര്‍ത്തിക്കുന്നത്. 11 പേരെ നിരീക്ഷണത്തിലാക്കി. ഇന്ന് ഇവിടെയുള്ള 20 ജീവനക്കാരുടെ ആന്റിജന്‍ പരിശോധന നടത്തും. കുമ്പള പോലീസ് സ്‌റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. പരാതി ഇ-മെയില്‍ ആയാണ് അയക്കേണ്ടത്. ഇവിടെ പാറാവുകാരനും രണ്ട് പോലീസുകാരും മാത്രമാണ് ഡ്യൂട്ടിക്കുണ്ടാവുക.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പാലക്കുന്നിലെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെ അഞ്ചുപേരും രോഗബാധിതരായി. വ്യാഴാഴ്ചയാണ് യുവാവിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയടക്കം അഞ്ച് കുടുംബാംഗങ്ങളുടെ ഫലങ്ങളും പോസിറ്റീവായത്. ഇവരെയെല്ലാം കൊവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. മാധ്യമപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒട്ടേറെപ്പേര്‍ നിരീക്ഷണത്തിലാണ്. സ്ഥാപനത്തിലെ നാലുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.