പാലത്തായി പീഡന കേസ്: കുറ്റപത്രം സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി; ഇല്ലെങ്കില്‍ സ്വാഭാവിക ജാമ്യം

0
196

കണ്ണൂരിൽ ബിജെപി നേതാവായ അധ്യാപകൻ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് സാധ്യത. പോക്സോ കേസിലാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതെ കേസ് നീട്ടുന്നത്. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ അധ്യാപകനായ കുനിയില്‍ പദ്മരാജന്‍ പീഡിപ്പിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാത്തത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതി പദ്മരാജന് സ്വാഭാവിക ജാമ്യത്തിന് അവസരം ഒരുങ്ങുന്നതാണ്.

ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. ഇതിന് മുമ്പ് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളി. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പദ്മരാജന്‍റെ ജാമ്യഹരജി തളളിയത്.

പ്രതി പത്മരാജന്‍ പെണ്‍കുട്ടിയെ സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ആദ്യം പീഡിപ്പിക്കുകയും പിന്നീട് പൊയിലൂരിലെ ഒരു വീട്ടില്‍ കൊണ്ടു പോയി മറ്റൊരാള്‍ക്ക് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് പരാതി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങളും സ്ഥലം എംഎൽഎയും ശിശുക്ഷേമ വകുപ്പ് മന്ത്രി കൂടിയായ കെ.കെ ശൈലജ അടക്കമുള്ളവരുടെ വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായത്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഒരുമാസത്തിന് ശേഷമാണ് പ്രതിയെ തലശേരി പൊയിലൂരിലെ ബന്ധുവീട്ടില്‍ നിന്ന് പൊലീസ് പിടികൂടിയത്. പ്രതിയായ കുനിയിൽ പദ്മരാജൻ നിലവിൽ തലശേരി സബ്ജയിലിൽ റിമാൻഡിലാണ്. ഐജി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here