ടിക് ടോക് ആഗോളതലത്തിൽ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു

0
208

മുംബൈ: ടിക് ടോക് ആഗോളതലത്തിൽത്തന്നെ നിരോധിക്കണമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം ശക്തമാവുന്നു. ചൈനീസ് സർക്കാരിന് വിവരങ്ങൾ ചോർത്തിനൽകാൻ ടിക് ടോക്കിൽ മാൽവേർ ഉൾപ്പെടുത്തിയിട്ടുള്ളതായി പ്രമുഖമായ ഹാക്കർ ഗ്രൂപ്പായ അനോനിമസ് ആരോപിച്ചു. ദശലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകി ടിക് ടോക് ചാരപ്രവർത്തനം നടത്തുകയാണെന്നാണ് ഇവരുടെ ആരോപണം.

ആപ്പിൾഫോണിന്‍റെ ഐ.ഒ.എസ്. 14 ബീറ്റ വേർഷനിൽ ടിക് ടോക്ക് ഉപഭോക്താക്കളുടെ ക്ലിപ് ബോർഡിലെ വിവരങ്ങൾ ടിക് ടോക് തുടർച്ചയായി റീഡ്ചെയ്യുന്നത് കണ്ടെത്തിയതാണ് ആരോപണം ശക്തമാകാൻ കാരണമായിരിക്കുന്നത്.

ടിക് ടോക്കിന് സുരക്ഷാ-സ്വകാര്യതാ തലത്തിൽ പല പ്രശ്നങ്ങളുമുണ്ടെന്ന് ഇവർ പറയുന്നു. കുട്ടികളെയും യുവാക്കളെയും നിരീക്ഷിച്ച് അവരുടെ വ്യാപാര-വാണിജ്യ-രാഷ്ട്രീയ താത്പര്യങ്ങൾ വിശകലനംചെയ്യാൻ ചൈനയ്ക്ക് കന്പനി അവസരമൊരുക്കുകയാണെന്നാണ് മറ്റൊരു ആരോപണം.

ജൂൺ 15, 16 തീയതികളായി ലഡാക്കിലെ ഗാൽവനിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് രാജ്യസുരക്ഷ മുൻനിർത്തിയാണ് ഇന്ത്യ ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ കഴിഞ്ഞ തിങ്കളാഴ്ച നിരോധിച്ചത്.

മൊബൈൽ ആപ്പ് വിശകലനകന്പനിയായ സെൻസർ ടവറിന്‍റെ റിപ്പോർട്ടനുസരിച്ച് ടിക് ടോക്കിന് മേയിൽ 11.2 കോടി ഡൗൺലോഡാണ് ലഭിച്ചത്. ഇതിൽ വലിയൊരുഭാഗം ഇന്ത്യയിൽനിന്നായിരുന്നു. അമേരിക്കയിൽനിന്നുള്ള ഡൗൺലോഡിങ്ങിന്‍റെ ഇരട്ടിയിലധികമാണ് ഇന്ത്യയിൽനിന്നുണ്ടായിരുന്നതെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. കൊറോണ മഹാമാരിക്കിടെ ചൈനയിൽനിന്നുള്ള നിക്ഷേപകരുടെയും വ്യാപാരികളുടെയും ഇന്ത്യൻവിപണിയിലുള്ള ആത്മവിശ്വാസം കെടുത്തുന്നതാണ് ഇന്ത്യയുടെ നടപടിയെന്നും ഇതിൽ സൂചിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here