കേരളത്തിലും കര്‍ണാടകയിലും തീവ്രവാദ സംഘടനയായ ഐ.എസ്.ഐ.എസിന്റെ സാന്നിധ്യം കാര്യമായുണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍ ഖ്വയ്ദ സംഘത്തിന്റെ സാന്നിധ്യം ശക്തമാണെന്നും ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലും മ്യാന്‍മറിലും അല്‍ ഖ്വയ്ദക്ക് 150 മുതല്‍ 200 വരെ അംഗങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.എസ്, അല്‍ ഖ്വയ്ദ അനുബന്ധ വ്യക്തികള്‍, സംഘനടകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉപരോധ നിരീക്ഷണ സംഘത്തിന്റെ 26-ാമത് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
അഫ്ഗാനിസ്താനിലെ താലിബാന്റെ കുടക്കീഴില്‍ അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ ഇന്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റിന്റെ (എ.ക്യു.ഐ.എസ്) സാന്നിധ്യമാണ് ബലപ്പെടുന്നത്.
കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഉള്ള അംഗങ്ങളുടെ സാന്നിധ്യം പ്രബലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മെയില്‍ ഇന്ത്യയില്‍ പുതിയ കേന്ദ്രം ഉണ്ടാക്കിയതായി ഐ.എസ് അറിയിച്ചിരുന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദയുടെ തലവന്‍ നിലവില്‍ ഒസാമ മഹ്മൂദ് ആണ്. മുന്‍ നേതാവായ അസിം ഉമറിന്റെ മരണത്തിന് പ്രതികാരമായി മേഖലയില്‍ പ്രതികാര നടപടികള്‍ ഒസാമ മഹ്മൂദ് ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.