കുരുമുളക് കൂടിപ്പോയി; തിരിച്ചെടുക്കാന്‍ ചെയ്ത ‘ഐഡിയ’ കണ്ട് ചിരിച്ചുതളര്‍ന്ന് സോഷ്യല്‍ മീഡിയ

0
543

പാചകത്തിനിടെ കയ്യബദ്ധങ്ങള്‍ സംഭവിക്കുന്നതെല്ലാം സ്വാഭാവികമാണ്. പഞ്ചസാരയ്ക്ക് പകരം ഉപ്പ് ഇടുക, കറിയില്‍ കൈ തട്ടി പൊടികളെന്തെങ്കിലും അമിതമായി വീഴുക എന്നുതുടങ്ങി ഇത്തരം അബദ്ധങ്ങള്‍ സംഭവിക്കാത്തവരായി ആരും കാണില്ല. പലപ്പോഴും ഇങ്ങനെയുള്ള പാളിച്ചകളെ പരിഹരിക്കാന്‍ നമ്മള്‍ ചെറിയ ‘കിച്ചണ്‍ ടിപ്‌സ്’ പ്രയോഗിക്കാറുണ്ട്. 

അതുപോലൊരു ‘ടിപ്’ ആണിപ്പോള്‍ ട്വിറ്ററില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ടിപ്’ എന്നൊക്കെ പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അടുക്കളയില്‍ ചെയ്യാന്‍ കൊള്ളാവുന്നതാണ് എന്നൊന്നും ചിന്തിക്കല്ലേ, സംഗതി കിടിലനൊരു ‘കോമഡി’യാണ്. 

ബുള്‍സൈ ഉണ്ടാക്കി, അതിലേക്ക് കുരുമുളക് പൊടിയിട്ടപ്പോള്‍ അല്‍പം കൂടിപ്പോയി. അത് തിരിച്ചെടുക്കാന്‍ നടത്തിയ വ്യത്യസ്തമായ ശ്രമമാണ് വീഡിയോയിലുള്ളത്. മിനി-വാക്വം ക്ലീനറുപയോഗിച്ച് അധികമായ കുരുമുളക് പൊടിയെ തിരിച്ചെടുക്കാനായിരുന്നു പദ്ധതി. ആദ്യമൊക്കെ കൃത്യമായി കുരുമുളക് പൊടി തന്നെ ക്ലീനറെടുത്തു. 

എന്നാല്‍ പെട്ടെന്നായിരുന്നു ‘ട്വിസ്റ്റ്’. അതെന്താണെന്ന് വീഡിയോ കണ്ടുതന്നെ മനസിലാക്കുന്നതായിരിക്കും കൂടുതല്‍ രസം.

കുരുമുളക് പൊടിക്കൊപ്പം മുട്ടയും അങ്ങനെ തന്നെ അകത്തേക്ക് കയറിപ്പോയിടത്ത് വീഡിയോ അവസാനിക്കുകയാണ്. എന്തായാലും രസകരമായ വീഡിയോയ്ക്ക് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരിക്കുന്നത്. ചിരിച്ചുതളര്‍ന്നുവെന്നും, ഉഗ്രന്‍ ഐഡിയയാണെന്നുമെല്ലാം ആളുകള്‍ കളിയാക്കി കമന്റുകളും ചെയ്യുന്നുണ്ട്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here