കാസര്‍കോട്: കുമ്പള ആരിക്കാടി കടപ്പുറത്ത് ആന്റിജന്‍ പരിശോധനക്ക് ആളുകള്‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി ആരോഗ്യപ്രവര്‍ത്തകര്‍. സമ്പര്‍ക്കരോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകുന്നത് കുമ്പള പഞ്ചായത്തില്‍ കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമൂഹവ്യാപനത്തിന് സാധ്യതയുണ്ടെന്ന് കുമ്പള ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പറഞ്ഞു.
ആരിക്കാടിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നാല് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ചൊവ്വാഴ്ച ആന്റിജന്‍ പരിശോധ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ പരിശോധന നടത്തിയ 100 പേരില്‍ 21 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇവരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ സ്രവം പരിശോധിക്കാന്‍ ഇന്നലെ കടവത്ത് മദ്രസയില്‍ വീണ്ടും പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പക്ഷെ എത്തിയത് രണ്ട് പേര്‍ മാത്രം. സമീപപ്രദേശമായ കുമ്പോലിൽ നടത്തിയ പരിശോധന ക്യാമ്പില്‍ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള പഞ്ചായത്താണ് കുമ്പള. ചികിത്സയിലുള്ള എണ്‍പതിലേറെപ്പേരില്‍ ഭൂരിപക്ഷത്തിനും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ചെറിയ പ്രദേശത്തെയാണെങ്കിലും ആളുകളുടെ നിസ്സഹകരണം വലിയ പ്രതിസന്ധിയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍.
പ്രദേശത്തെ ആളുകളെ ബോധവല്‍ക്കരിക്കാന്‍ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ശ്രമിക്കുന്നുണ്ട്. ആരെയും നിര്‍ബന്ധിച്ച് പരിശോധിക്കാനാകില്ലെന്നും ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ സമ്പര്‍ക്കവ്യാപനം തടയാന്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടിവരുമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം