ഉദുമ: (www.mediavisionnews.in) നഴ്സിങ് വിദ്യാർഥിയെ രണ്ടു കിലോ കഞ്ചാവുമായി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച സ്കൂട്ടർ ഓടിച്ച കൂട്ടുകാരൻ വാഹനത്തിന്റെ താക്കോലുമായി ഓടി രക്ഷപ്പെട്ടു. ബെംഗളൂരുവിൽ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിയായ കോഴിക്കോട് തമരശ്ശേരി താരോത്തെ പി. മാനവ് (19) ആണ് അറസ്റ്റിലായത്. താമരശ്ശേരി സ്വദേശി ഫസലു തങ്ങളാണ് (30) ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെ ബേക്കൽ എസ്.ഐ. പി. അജിത്‌കുമാറും സംഘവും വാഹനപരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവ് കടത്തുകാർ കുടുങ്ങിയത്. കോടിക്കടപ്പുറത്തുനിന്നുള്ള അനധികൃത മണൽകടത്ത് ലോറി പിടിക്കാൻ പോവുകയായിരുന്നു പോലീസ്. ഇതിനിടയിൽ ഉദുമ ഭാഗത്തുനിന്ന് വന്ന സ്കൂട്ടറിനെ പാലക്കുന്നിൽ പോലീസ് കൈ കാണിച്ചുവെങ്കിലും നിർത്താതെ പോയി. സ്കൂട്ടറിനെ പിന്തുടർന്ന് കോട്ടിക്കുളത്ത് തടഞ്ഞെങ്കിലും അത് ഓടിച്ചിരുന്ന ഫസലു താക്കോലും ഊരിയെടുത്ത് ഓടിപ്പോയി. മാനവിനെ പിടികൂടിയശേഷം രണ്ടു മണിക്കൂറോളം കൂട്ടാളിക്കുവേണ്ടി പോലീസ് തിരഞ്ഞെങ്കിലും കിട്ടിയില്ല.
മണൽക്കടത്ത് സംഘത്തിന് അകമ്പടി പോകുന്നവരാണെന്ന് കരുതിയാണ് പോലീസ് ആദ്യം നീങ്ങിയത്. ഓടിപ്പോയ ആളെ കിട്ടാതെ വന്നതോടെ സ്കൂട്ടർ വിശദമായി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽനിന്ന് കഞ്ചാവ് കിട്ടിയത്. മഞ്ചേശ്വരത്തുനിന്ന് വാങ്ങിയ കഞ്ചാവ് കോഴിക്കോട് ഭാഗത്ത് വിൽപ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വാങ്ങാനായി ഇരുവരും വ്യാഴാഴ്ച രാവിലെയാണ് താമരശ്ശേരിയിൽനിന്ന് പുറപ്പെട്ടത്. വൈകുന്നേരം മഞ്ചേശ്വരത്തെത്തി കഞ്ചാവ് വാങ്ങി പുലർച്ചെ മടങ്ങുകയായിരുന്നു.
മാനവ് കുറച്ചു നാളായി ചികിത്സയിലായിരുന്നുവെന്നും വീട്ടുകാരറിയാതെയാണ് വീണ്ടും കഞ്ചാവ് തേടി ഇറങ്ങിയതെന്നും അറസ്റ്റു വിവരം അറിയിക്കാൻ അമ്മയെ വിളിച്ചപ്പോൾ അവർ പറഞ്ഞതായി എസ്.ഐ. അറിയിച്ചു.