ഉറവിടം അറിയാത്ത കോവിഡ്; കാസർകോട് കടുത്ത നിയന്ത്രണം വന്നേക്കും

0
169

കാസർകോട്: (www.mediavisionnews.in) ജില്ലയിലെ തീരദേശ പ്രദേശം ഉൾപ്പെടുന്ന പഞ്ചായത്തുകളിൽ സമ്പർക്കത്തിലൂടെ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത. ഇന്നു രാവിലെ ചേരുന്ന കൊറോണ കോർ കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ചുള്ള തീരുമാനം ഉണ്ടായേക്കും. രോഗികളുടെ എണ്ണം കൂടുന്നതിനാൽ കടുത്ത നിയന്ത്രണം വേണമെന്ന ആവശ്യം ആരോഗ്യ വകുപ്പ് യോഗത്തിൽ ഉന്നയിച്ചേക്കും.

ഉറവിടം അറിയാത്ത രോഗികൾ കൂടുന്ന സാഹചര്യത്തിൽ ജില്ലയിലെ 6 ക്ലസ്റ്ററുകളിൽ ട്രിപ്പിൾ ലോക്ഡൗൺ പോലെയുള്ള നിയന്ത്രണം വേണമെന്നാണ് ആരോഗ്യവകുപ്പ്  ആവശ്യപ്പെടുന്നത്. ഇന്നലെ 5നു ശേഷം ലഭിച്ച പരിശോധന ഫലത്തിൽ ഒട്ടേറെ പോസിറ്റീവ് സ്ഥിരീകരണങ്ങളുണ്ട്. ആദ്യ രണ്ടു ഘട്ടങ്ങളിൽ രോഗികൾ 20 മുതൽ 50 വരെ പ്രായമുള്ളവരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ 40 ദിവസം പ്രായമുള്ള കുട്ടി ഉൾപ്പെടെ പട്ടികയിലുണ്ട്. ഇന്നലെ മാത്രം 8 കുട്ടികളാണ് പോസിറ്റീവായത്.

ആരിക്കാടി തീരദേശ പ്രദേശത്ത് കോവിഡ് പരിശോധന ഫലം പോസിറ്റീവാകുന്നവരുടെ എണ്ണം കൂടുന്നതിനാൽ കുമ്പള പഞ്ചായത്തിൽ ട്രിപ്പിൾ ലോക്ഡൗൺ വേണമെന്ന ആവശ്യം സിഎച്ച്സി ജില്ലാ മെഡിക്കൽ ഓഫിസറോട് ആവശ്യപ്പെട്ടിരുന്നു. പല സിഎച്ച്സി–പിഎച്ച്സികളും ഇതേ  ആവശ്യം ഉയർത്തിയിട്ടുണ്ട്. കൊറോണ കോർ കമ്മിറ്റി യോഗം ട്രിപ്പിൾ ലോക്ഡൗൺ തീരുമാനിച്ചാൽ അതിന് സർക്കാരിന്റെ അംഗീകാരം കൂടി വേണം. 

നഗരത്തിൽ നിയന്ത്രണം

കാസർകോട് നഗരത്തിലെ ചില വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ നിയന്ത്രണം കർശനം. നഗരത്തിലെ മത്സ്യ-ഇറച്ചി-പച്ചക്കറി മാർക്കറ്റുകളിലെ വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രമാണ് ഇപ്പോൾ തുറക്കുന്നത്. മാർക്കറ്റിലേക്ക് സാധനം വാങ്ങാൻ എത്തുന്നവരെ പൊലീസ് ടോക്കൺ നൽകിയാണ് മാർക്കറ്റിനുള്ളിലേക്ക് കടത്തിവിടുന്നത്.

നിശ്ചിത സമയത്തിനുള്ളിൽ കടയിൽ നിന്നു പോകണം. ഇനിയുള്ള ദിവസങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കാനാണ് ആലോചിക്കുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അടക്കം കാസർകോട് നഗരസഭയിൽ 6 പേർക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here