കുമ്പള: അനധികൃത മണല്‍ കടത്തിനെതിരെ നടപടി കര്‍ശനമാക്കി റവന്യു വകുപ്പ്. ആരിക്കാടി കുമ്പോലില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 1,500 ചാക്ക് മണല്‍ മഞ്ചേശ്വരം താസില്‍ദാര്‍ ആന്റോയുടെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തു.
ഷിറിയ പുഴയില്‍ നിന്ന് അനധികൃതമായി വാരിയ മണല്‍ ചാക്കുകളിലാക്കി രാത്രി കാലങ്ങളില്‍ കടത്തിക്കൊണ്ടുപോകാന്‍ പാകത്തില്‍ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. ഷിറിയ പുഴയില്‍ നിന്ന് വന്‍തോതില്‍ മണല്‍ കടത്തുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് താസില്‍ദാറുടെ നേതൃത്വത്തില്‍ സംഘം പരിശോധന നടത്തിയത്.
പിടിച്ചെടുത്ത മണല്‍ ബംബ്രാണ വില്ലേജിലേക്ക് കൈമാറി. ഒരാഴ്ച മുമ്പ് പച്ചമ്പളയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ സൂക്ഷിച്ചുരുന്ന 13 ലോഡ് മണല്‍ താസില്‍ദാറും സംഘവും പിടിച്ചെടുത്തിരുന്നു.