റിയാദ്: സഊദിയിൽ കുടുങ്ങിയവരിൽ അടിയന്തിരമായി നാട്ടിൽ പോകേണ്ടവർക്കായി കൂടുതൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുങ്ങുന്നു. റിയാദ് കെഎംസിസിയുടെ ആദ്യ ചാർട്ടേഡ് വിമാനം ഇന്ന് വൈകീട്ട് പുറപ്പെടുമ്പോൾ നഴ്‌സുമാർക്ക് മാത്രമായി യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ വിമാനം ഞായറാഴ്ചയും പുറപ്പെടും. ഉടൻ തന്നെ വിമാനം സജ്ജീകരിക്കാനുള്ള ജിദ്ദ കെഎംസിസി യുടെ ശ്രമവും ഊർജ്ജിതമാണ്.
കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ ചാര്‍ട്ടേഡ് വിമാന സര്‍വീസ് ജൂണ്‍ ഇന്ന് വൈകുന്നേരം 5.30 നാണ് റിയാദില്‍ നിന്നു കോഴിക്കോടേക്ക് പുറപ്പെടുന്നത്. എംബസിയില്‍ രജിസ്ര്‍ ചെയ്ത യാത്രക്കാര്‍ക്കാണ് അവസരം. അക്ബര്‍ ട്രാവൽസിന്റെ സഹകരണത്തോടെ നടത്തുന്ന സ്‌പൈസ് ജെറ്റിന്റെ ബി 737 വിമാനസർവ്വീസിൽ ഹൃദ്രോഗം, വൃക്ക, അര്‍ബുദം എന്നിവക്ക് വിദഗ്ദ ചികിത്സ ആവശ്യമുളളവര്‍, ഗര്‍ഭിണികള്‍ എന്നിവരാണ് മുന്‍ഗണനാ പട്ടികയിലുളളത്.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷൻ ചാർട്ടർ ചെയ്യുന്ന വിമാനം ഞായറാഴ്ചയാണ് പുറപ്പെടുന്നത്. റിയാദില്‍ നിന്ന് ഉച്ചക്ക് 1:40 ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ 177 യാത്രക്കാര്‍ക്കു പുറമെ 11 ശിശുക്കള്‍ക്കും യാത്ര ചെയ്യാന്‍ കഴിയും. സ്‌പൈസ് ജെറ്റാണ് സര്‍വീസ് നടത്തുന്നത്. ജിദ്ദ-കൊച്ചി, ദമാം-കൊച്ചി സര്‍വീസ് നടത്തുമെന്നും യു എന്‍ എ വൃത്തങ്ങള്‍ അറിയിച്ചു.
ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി യും ചാർട്ടേഡ് ഫ്ലൈറ്റ് സജ്ജീകരിക്കുന്നുണ്ട്. എംബസിയിലും, നോർക്കയിലും രജിസ്റ്റർ ചെയ്തവരായ റീഎൻട്രി- എക്സിറ്റ് വിസയും ഉള്ളവർക്കാണ് അവസരമുണ്ടാകുക. ടിക്കറ്റ് നിരക്കും, പോകുന്ന തിയതിയും അടുത്ത ദിവസങ്ങളിൽ അറിയിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ കൃത്യമായ വിവരങ്ങൾ ജില്ലാ കമ്മിറ്റിയുടെ വെബ്സൈറ്റ് വഴി നൽകേണ്ടതാണ്. ഓൺലൈൻ ലിങ്ക് വെള്ളിയാഴ്ച വൈകുന്നേരത്തോടെ ലഭ്യമാകും.
അതിനിടെ ജൂണ്‍ 10 മുതല്‍ 16 വരെ വന്ദേ ഭാരത് മിഷന്റെ 20 വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ 11 എണ്ണം കേരളത്തിലേക്കാണ്. ജൂണ്‍ 10 ന് റിയാദ്-കോഴിക്കോട്, ദമാം-കണ്ണൂര്‍, ജിദ്ദ-കൊച്ചി, 11ന് റിയാദ്-കണ്ണൂര്‍, ജിദ്ദ-കോഴിക്കോട്, 12ന് ജിദ്ദ-തിരുവനന്തപുരം, റിയാദ്-തിരുവനന്തപുരം, ദമാം-കോഴിക്കോട് എന്നിവിടങ്ങളിലേക്കും. 14ന് റിയാദ്-കൊച്ചി, ദമാം-തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്.